SHARE

ഡെൽഹി ഡെയർഡെവിൾസിനെ 10 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്, പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു. മഴ വില്ലനായെത്തിയ മത്സരത്തിൽ 6 ഓവറിൽ 71 റൺസാക്കി ഡെൽഹി വിജയലക്ഷ്യം വെട്ടിച്ചുരുക്കിയെങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ. നേരത്തെ രാജസ്ഥാൻ അവരുടെ ആദ്യ ഇന്നിംഗ്സിൽ 17.5 ഓവറിൽ 153/5 എന്ന സ്കോറിൽ നിൽക്കെയാണ് മഴയെത്തിയത്. സ്കോർ :രാജസ്ഥാൻ റോയൽസ് – 153/5 (17.5 ഓവർ, ഡെൽഹി ഡെയർഡെവിൾസ് – 60/4 ( 6 ഓവർ).

അഞ്ച് വർഷത്തിന് ശേഷം ജയ്പൂരിലേക്ക് മടങ്ങിയെത്തിയ ഐപിഎൽ മത്സരത്തിൽ ടോസ് നേടിയ ഡെൽഹി, രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 45 റൺസെടുത്ത നായകൻ രഹാനെയും, 22 പന്തിൽ 37 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണും തിളങ്ങിയപ്പോൾ മികച്ച സ്കോറിലേക്കായിരുന്നു അവരുടെ പോക്ക്. പക്ഷേ പതിനെട്ടാം ഓവറിൽ വില്ലാനായെത്തിയ മഴ മത്സരത്തിന്റെ ആവേശം കെടുത്തി.

മഴ മാറി കളി തുടങ്ങിയപ്പോൾ 6 ഓവറിൽ 71 റൺസ് വിജയലക്ഷ്യമായിരുന്നു ഡെൽഹിക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽത്തന്നെ ഓപ്പണർ കോളിൻ മൺറോയുടെ വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീടൊരിക്കലും മത്സരത്തിൽ ജയിക്കുമെന്ന തോന്നലുണർത്താൻ കഴിഞ്ഞില്ല. ധവാൽ കുൽക്കർണിയും, ബെൻ ലാഘ്ലിനും കൃത്യത വിടാതെ പന്തെറിഞ്ഞപ്പോൾ 6 ഓവറുകളിൽ 60 റൺസിൽ ഡെൽഹി സ്കോർ ഒതുങ്ങി. രാജസ്ഥാന് വേണ്ടി 37 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് മാൻ ഓഫ് ദി മാച്ച്.