SHARE

തന്റെ അവസാന മത്സരത്തിൽ സ്പാനിഷ് ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റ യ്ക്ക് പകരക്കാരനായി കളിക്കേണ്ടി വന്നതാണ് ഈ ലോകകപ്പിൽ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവമെന്ന് ക്രൊയേഷ്യൻ താരം ഇവാൻ റാക്കിട്ടിച്ച്. റഷ്യക്കെതിരായ ലോകകപ്പ് ക്വാർട്ടർ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ തന്റെ സഹതാരം കൂടിയായിരുന്നു ഇനിയേസ്റ്റയുടെ അവസാന മത്സരത്തിലെ കാര്യം തന്നെ ഞെട്ടിച്ചതായി റാക്കിട്ടിച്ച് വെളിപ്പെടുത്തിയത്.

“റഷ്യക്കെതിരായ മത്സരത്തിൽ ഇനിയേസ്റ്റയെ പകരക്കാരുടെ ബെഞ്ചിൽ കണ്ടത് എന്നെ വളരെയധികം ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഫുട്ബോൾ ലോകം കണ്ട മികച്ച താരങ്ങളിലൊരാൾ, അതും ആ പൊസിഷനിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്നൊരാൾ ബെഞ്ചിലിരിക്കുന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. ഈ ലോകകപ്പിൽ തനിക്ക് ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ച കാര്യമാണിത്”. റാക്കിട്ടിച്ച് പറഞ്ഞുനിർത്തി.

അതേ സമയം റഷ്യക്കെതിരായ മത്സരത്തിൽ ഡേവിഡ് സിൽ വയ്ക്ക് പകരക്കാരനായി മത്സരത്തിന്റെ 67-ം മിനുറ്റിലായിരുന്നു ഇനിയേസ്റ്റ കളത്തിലിറങ്ങിയത്. നിശ്ചിത സമയത്ത് 1-1 ന് തുല്യത പാലിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ ആതിഥേയരായ റഷ്യ, വിജയം പിടിച്ചെടുക്കുകയായിരുന്നു.