SHARE

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രമേശ് പവാര്‍ വീണ്ടും വരാന്‍ സാധ്യത തെളിയുന്നു. പരിശീലക സ്ഥാനത്തേക്ക് ആളെ ക്ഷണിച്ചുകൊണ്ടുള്ള ബിസിസിഐയുടെ പരസ്യത്തിന് പവാറും അപേക്ഷ നല്കി. ട്വന്റി-20 ലോകകപ്പിന് പിന്നാലെ പവാറിന്റെ കാലവധി അവസാനിച്ചിരുന്നു.

തുഷാര്‍ അറോത്തെ രാജിവെച്ചൊഴിഞ്ഞ സ്ഥാനത്തേക്കായിരുന്നു മുന്‍ ഇന്ത്യന്‍ താരമായ പവാര്‍ നിയമിതനായത്. തുഷാറിനെതിരെ ടീമിലെ ചില മുതിര്‍ന്ന വനിതാ താരങ്ങള്‍ ഗുരുതരമായ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്ന് രാജിവെച്ചത്. പവാറും പിന്നീട് വിവാദത്തില്‍പ്പെട്ടു. വനിതാ ട്വന്റി-20 ലോകകപ്പില്‍ രമേശും മുതിര്‍ന്ന താരം മിതാലിരാജും തമ്മില്‍ പടലപ്പിണക്കം ആരംഭിച്ചിരുന്നു.

ഫോമിലായിന്നിട്ടും പരിക്കുകളില്ലാതിരുന്നിട്ടും ബോധപൂര്‍വ്വം മിതാലി രാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധം ഇല്ലെന്നുമായിരുന്നു ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ വ്യക്തമാക്കിയത്. ഇതിനെതിരെ മിതാലിയുടെ മാനേജര്‍ രംഗത്ത് വരികയും ചെയ്തിരുന്നു