SHARE

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട മുൻ സ്പിന്നർ രമേഷ് പവാറെ വീ‌ണ്ടും പരിശീലകനായി നിയമിച്ച് ബിസിസിഐ. ഡബ്ല്യു വി രാമന് പകരം പവാറിനെ വീണ്ടും ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായി നിയമിച്ച കാര്യം ഇന്നലെ വൈകിട്ടാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

നേരത്തെ 2018 ലെ ടി20 ലോകകപ്പ് ഫൈനലിന്റെ സെമി ഫൈനലിന് ശേഷമായിരുന്നു പവാറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചത്‌. ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ സീനിയർ താരം മിഥാലി രാജിനെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു പവാറിന്റെ പുറത്താകലിന്‌ പ്രധാന കാരണം. പവാറിനെതിരെ ആഞ്ഞടിച്ച് അന്ന് മിഥാലി രാജ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ടീമിലെ സീനിയർ താരങ്ങളായ ഹർമ്മൻപ്രീത് കൗർ, സ്മൃതി മന്ദാന എന്നിവർക്ക് പവാറിനെത്തന്നെ പരിശീലകനാക്കുന്നതിനോടായിരുന്നു താല്ലര്യമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുവെങ്കിലും ഡബ്ലു വി രാമനെ ടീമിന്റെ പുതിയ പരിശീലകനായി ബിസിസിഐ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ട് തൊട്ടടുത്ത സീസണിൽ ഇന്ത്യ എ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത പവാർ, 2021 ന്റെ തുടക്കത്തിൽ മുംബൈ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ കിരീടം സ്വന്തമാക്കിയത് പവാറിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനമാവും ഇന്ത്യൻ ടീമിന്റെ പരിശീലക വേഷത്തിലേക്കുള്ള തിരിച്ചു വരവിൽ പവാറിന്റെ ആദ്യ ദൗത്യം. ഒരിടവേളക്ക് ശേഷം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ടീം ഇന്ത്യ അവിടെ ആതിഥേയർക്കെതിരെ ഒരു ടെസ്റ്റും, മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളുമാണ് കളിക്കുക.