SHARE

വിഖ്യാത ബ്രസീലിയൻ താരം റാമിറസ് പ്രൊഫഷനൽ ഫുട്ബോളിനോട് വിടപറഞ്ഞു. തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിലൂടെയാണ് റാമിറസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇം​ഗ്ലീഷ് ചെൽസിയിൽ റാമിറസിന്റെ സഹതാരമായിരുന്ന ജോൺ മിക്കൽ ഒബി ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

35-കാരനായ റാമിറസ് ഒന്നരപ്പതിറ്റാണ്ടിലേറെ നീളുന്ന കരിയറിനാണ് വിരാമിട്ടിരിക്കുന്നത്. 2010 മുതൽ ആറ് വർഷം ചെൽസിയിൽ കളിക്കവെയാണ് റാമിറസ് ഏറ്റവും ശ്രദ്ധേയനാകുന്നത്. 2012 ചാമ്പ്യൻസ് ലീ​ഗിന്റെ സെമി ഫൈനിൽ ചെൽസി ബാഴ്സലോണയെ വീഴ്ത്തിയപ്പോൾ റാമിറസിന്റെ പ്രകടനം നിർണായകമായിരുന്നു. ഈ പ്രകടനത്തിന്റെ പേരിൽ വലിയ പ്രശംസയും റാമിറസിന് ലഭിച്ചു. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീ​ഗ്, പ്രീമിയർ ലീ​ഗ് കിരീടവും റാമിറസ് നേടിയിട്ടുണ്ട്.

ചെൽസിക്ക് പുറമെ ക്രുസേറിയ, ബെൻഫിക്ക തുടങ്ങിയ പ്ര​ധാന ക്ലബുകൾക്കായും റാമിറസ് കളിച്ചിട്ടുണ്ട്. ബ്രസിലീയൻ ക്ലബായ പാൽമെയ്റാസിനായാണ് റാമിറസ് ഒടുവിൽ കളിച്ചത്. ബ്രസീൽ ദേശീയ ടീമിനായി 52 മത്സരങ്ങളും റാമിറസ് കളിച്ചിട്ടുണ്ട്.