SHARE

സ്പെയിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി സെർജിയോ റാമോസിന്. ഇന്നലെ നോർവേക്കെതിരെ റാമോസ് കളിച്ചത് കരിയറിലെ 168-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. 167 തവണ സ്പാനിഷ് ജേഴ്സിയണിഞ്ഞ മുൻ നായകൻ ഐക്കർ കസിയസിനെയാണ് റാമോസ് പിന്നാലാക്കിയത്.

2005-ൽ ചൈനക്കെതിരെയാണ് സ്പാനിഷ് ടീമിനായി റാമോസ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സ്പാനിഷ് പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമാണ് റാമോസ്. സ്പാനിഷ് ടീം ലോകകപ്പും രണ്ട് യൂറോകപ്പും സ്വന്തമാക്കിയപ്പോൾ റാമോസ് ശ്രദ്ധേയസാന്നിധ്യമായിരുന്നു. കസിയസ് രണ്ടാം ​ഗോളിയായി മാറിയതോടെ 2016 മുതൽ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് റാമോസ്.

നോർവേക്കെതിരായ മത്സരത്തോടെ സ്പാനിഷ് റെക്കോർഡ് റാമോസിന്റെ പേരിലായി. എന്നാൽ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിച്ചതിനുള്ള യൂറോപ്യൻ റെക്കോർഡ് സ്വന്തമാക്കാൻ ഇറ്റാലിയൻ ​ഗോളി ജിയാൻലൂജി ബഫണിനെ കൂടി റാമോസ് മറികടക്കണം. 176 തവണയാണ് ബഫൺ ഇറ്റാലിയൻ ജേഴ്സിയണിഞ്ഞത്.