SHARE

കളിക്കളത്തിൽ എതിർതാരങ്ങളോടുള്ള സമീപനത്തിന്റെ പേരിൽ ഒട്ടേറെത്തവണ വിവാദത്തിന് കളമൊരുക്കിയ താരമാണ് റയൽ മഡ്രിഡ് നായകൻ സെർജിയോ റാമോസ്. മോശം ഫോമിൽ നിന്ന് റയൽ മഡ്രിഡ് തിരിച്ചുവരവിന്റെ സൂചനകൾ നൽകുമ്പോൾ കളിക്കളത്തിലെ പ്രവർത്തിയുടെ പേരിൽ റാമോസ് വീണ്ടും വില്ലനാകുകയാണ്.

ചാമ്പ്യൻസ് ലീ​ഗിൽ ഇന്നലെ ചെക്ക് ക്ലബ് വിക്ടോറിയ പ്ലസനെതിരായ മത്സരത്തിലാണ് റാമോസിന്റെ വില്ലത്തരം. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ റാമോസ് കൈമുട്ട് കൊണ്ട് വിക്ടോറയ താരം മിലൻ ഹാവലിന്റെ മൂക്കിനിടിച്ചു. തുടർന്ന് ​ഗ്രൗണ്ടിൽ ഇരുന്നുപോയ ഹാവലിന്റെ മൂക്കിൽ നിന്ന് ചോര ഇറ്റുവീഴുന്നുണ്ടായിരുന്നു. നേരെ ചുവപ്പുകാർഡ് നൽകേണ്ട പ്രവർത്തിയായിരുന്നു റാമോസ് നടത്തിയതെന്നാണ് കളിനീരീക്ഷകർ പറയുന്നത്. എന്നാൽ മഞ്ഞക്കാർഡ് പോലും റഫറി നൽകിയില്ല എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ക്രൂരമായ ഫൗൾ ചെയ്തതിന് റാമോസ് തന്നെ ഹാവലിനോട് മാപ്പ് പറഞ്ഞു. അത്തരത്തിലൊരു ഫൗൾ താൻ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് റാമോസ് ട്വീറ്റ് ചെയ്തു. എന്നാൽ റാമോസിനോടുള്ള ആരാധകരോക്ഷം സമൂഹമാധ്യമങ്ങളിൽ പുകയുകയാണ്. റാമോസിനെ ആജീവനാന്തം വിലക്കണമെന്ന് പോലും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. റാമോസിന് മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറി തീരുമാനവും വിമർശിക്കപ്പെടുന്നുണ്ട്.