SHARE

സ്പാനിഷ് സൂപ്പർതാരം സെർജിയോ റാമോസിനെ സൈൻ ചെയ്തതായി പി.എസ്.ജി പ്രഖ്യാപിച്ചത് ഇന്നലെയാണ്. റയൽ മഡ്രിഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് റാമോസ് പി.എസ്.ജിയിലെത്തുന്നത്. എന്നാൽ ഫ്രഞ്ച് ക്ലബിലേക്ക് ചേക്കേറാനായി രണ്ട് ഇം​ഗ്ലീഷ് ക്ലബുകളുടെ ഓഫറുകളാണ് റാമോസ് നിരസിച്ചത്.

പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, സൂപ്പർ ക്ലബ് ആഴ്സനൽ എന്നിവരുടെ ഓഫറുകളാണ് റാമോസ് നിരസിച്ചത്. ​ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സീസണിൽ 17 ദശലക്ഷം യൂറോ പ്രതിഫലത്തിൽ രണ്ട് വർഷത്തെ കരാറാണ് ​ഗണ്ണേഴ്സ് റാമോസിന് വാ​ഗ്ദാനം ചെയ്തത്. എന്നാൽ ആഴ്സനൽ ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്നില്ല എന്ന കാരണത്താൽ റാമോസ് ഈ ഓഫർ തള്ളി.

സിറ്റിയും രണ്ട് വർഷത്തെ കരാറാണ് റാമോസിന് മുന്നിൽ വച്ചത്. തുടർന്ന് മൂന്ന് വർഷം, സിറ്റി ​ഗ്രൂപ്പിന്റെ തന്നെ അമേരിക്കൻ ക്ലബ് ന്യൂയോർക്ക് സിറ്റിക്കായി കളിക്കാനുള്ള അവസരും റാമോസിന് വാ​ഗ്ദാനം ചെയ്തു. ഈ ഓഫർ ആദ്യം ആകർഷിച്ചെങ്കിലും പിന്നീട് റാമോസ് നിരസിച്ചു.

നിലവിൽ ലഭിച്ചിരുന്ന പ്രതിഫലം വെട്ടിച്ചുരുക്കണമെന്ന ആവശ്യമാണ് റാമോസും റയൽ മഡ്രിഡും തമ്മിൽ ഇടയാനുള്ള കാരണം. എന്നാൽ റാമോസിന് റയലിൽ ലഭിച്ചിരുന്നതിലധികം പ്രതിഫലമാണ് പി.എസ്.ജി വാ​ഗ്ദാനം ചെയ്തത്. അതും രണ്ട് വർഷത്തെ കരാറിൽ. ഇതോടെ റാമോസ് ഫ്രഞ്ച് ക്ലബനൊപ്പം ചേരുകയായിരുന്നു.