SHARE

വിഖ്യാതപരിശീലകൻ ക്ലോഡിയോ റാനിയേരി ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയയോട് ഇന്നലത്തെ മത്സരത്തോടെ വിടപറഞ്ഞു. കരാർ പുതുക്കേണ്ടന്ന് ക്ലബിനോട് റാനിയേരി തന്നെയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചനകൾ. ഇതോടെ റാനിയേരി പരിശീലകരം​ഗത്ത് നിന്ന് മാറിനിൽക്കുവാൻ പദ്ധതിയിടുകയാണോയെന്ന് സംശയങ്ങൾ ഉയർന്നിരുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സാംപ്ദോറിയ വിട്ട് റാനിയേരി പുതിയൊരു ക്ലബിൽ ചേക്കേറും. സ്കൈസ്പോർട്സ് ഇറ്റാലിയയുടെ ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റ് ജിയാൻലൂക്കാ ഡി മാർസിയോയുടെ ട്വീറ്റ് പ്രകാരം അധികകലാം റാനിയേരി പുറത്തുനിൽക്കില്ല. ഇപ്പോൾ തന്ന് ഈ സ്റ്റാർ പരിശീലകന് ആവശ്യത്തിലധികം ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മാർസിയോ വെളിപ്പെടുത്തുന്നത്.

റാനിയേരി ഇറ്റലിയിൽ തന്നെ തുടരാനുള്ള സാധ്യതകളാണ് ഏറെ. സെരി എ ക്ലബ് കാ​ഗ്ലിയാരി റാനിയേരിയെ തിരിച്ചെത്താക്കാൻ ശ്രമിക്കുന്നുണ്ട്. 1988-ൽ കാ​ഗ്ലിയാരി പരിശീലകനായി ചുമതലയേറ്റ റാനിയേരി അവരെ മൂന്നാം ഡിവിഷനിൽ നിന്ന് ഒന്നാം ഡിവിഷനിലേക്കെത്തിച്ചു. ക്ലബുമായി ഇപ്പോഴും നല്ല ബന്ധമാണ് ഈ മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ പുലർത്തുന്നത്.

ഇക്കുറി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്തപ്പെട്ട പാർമയും റാനിയേരിയെ നോട്ടമിടുന്നുണ്ട്. ഇറ്റലിക്ക് പുറത്ത് നിന്ന് ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിന്റെ റഡാറിലും റാനിയേരിയുണ്ട്. യൂറോപ്പിന് പുറത്ത് നിന്നും റാനിയേരിക്ക് ഓഫറുണ്ട്. മെക്സിക്കൻ ക്ലബ് മോന്റേറെയാണ് ഈ 69-കാരനായ പരിശീലകനെ ബന്ധപ്പെട്ടത്. എന്നാൽ ഈ പ്രായത്തിൽ ഇത്ര ദൂരം അകലെയുള്ള ക്ലബിലേക്ക് ചേക്കേറാൻ റാനിയേരി തയ്യാറായേക്കില്ല.