SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീണ്ടു പോയ ഈ സീസണിലെ രഞ്ജി ട്രോഫി അടുത്ത മാസം ആരംഭിക്കാൻ ബിസിസിഐയ്ക്ക് പദ്ധതികളെന്ന് സൂചന. നിലവിൽ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടന്നു കൊണ്ടിരിക്കുന്ന അതേ 6 വേദികളിൽ ബയോ ബബിളുകൾ സൃഷ്ടിച്ച് രഞ്ജി ട്രോഫിയുടെ മിനി പതിപ്പ് നടത്താനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്. ഈ മാസം 17 ന് നടക്കുന്ന ബിസിസിഐയുടെ അപക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

“ഫെബ്രുവരിയിൽ രഞ്ജി ട്രോഫി ആരംഭിക്കാൻ 90 ശതമാനം സാധ്യതയുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടി സൃഷ്ടിച്ച അതേ 6 ബയോ ബബിളുകളിലായിരിക്കും മത്സരങ്ങൾ. ഗ്രൂപ്പിംഗുകളും സമാനമായിരിക്കും. ആറ് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പുകളും, എട്ട് ടീമുകളുടെ ഒരു ഗ്രൂപ്പും.” കഴിഞ്ഞ‌ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ സൂചന നൽകി.

അതേ സമയം ഈ വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി രഞ്ജി ട്രോഫിയുടെ ലീഗ് ഘട്ടം പൂർത്തിയാക്കാനാണ് ബിസിസിഐയുടെ പദ്ധതി‌. തുടർന്ന് ഐപിഎൽ അവസാനിച്ചതിന് ശേഷമാകും രഞ്ജി ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങൾ (ക്വാർട്ടർ, സെമി, ഫൈനൽ) നടക്കുക. ടീമുകൾക്ക് തങ്ങളുടെ പ്രധാന കളികാരുടെ സേവനം നഷ്ടപ്പെടാതെയിരിക്കാൻ ഇത് സഹായിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.