SHARE

2018-19 സീസൺ രഞ്ജി ട്രോഫിയുടെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളിലായി മൊത്തം 37 ടീമുകൾ മത്സരിക്കുന്ന ഈ സീസണിലെ രഞ്ജി ട്രോഫി നവംബർ ഒന്നാം തീയതി ആരംഭിച്ച് അടുത്ത വർഷം ഫെബ്രുവരി ആറിന് അവസാനിക്കും. ഡെൽഹി, ബെംഗാൾ, തമിഴ്നാട് എന്നീ കരുത്തർക്കൊപ്പം ഗ്രൂപ്പ് ബി യിലാണ് ഇത്തവണ കേരളം കളിക്കുക. നാല് ഗ്രൂപ്പുകളിൽ വെച്ച് ഏറ്റവും കടുകട്ടി ഗ്രൂപ്പാണിത്.

ഈ വർഷം പുതുതായി രഞ്ജി ട്രോഫിയിലെത്തിയ എട്ട് ടീമുകൾക്ക് പുറമേ, 15 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചെത്തുന്ന ബിഹാർ ഉൾപ്പെടെയുള്ള 9 ടീമുകളെ പ്ലേറ്റ് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പിലെ വിജയികൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നതിനൊപ്പം അവർക്ക് അടുത്ത സീസണിൽ ഗ്രൂപ്പ് സി യിൽ സ്ഥാനവും ലഭിക്കും.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ വരെയെത്തി ചരിത്രം സൃഷ്ടിച്ച കേരളത്തിന് ഇത്തവണ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായേക്കും. കരുത്തരായ ബെംഗാൾ, ഡെൽഹി, തമിഴ്നാട്, പഞ്ചാബ് എന്നിവർക്ക് പുറമേ ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ മികച്ച ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബി യിലുള്ളത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ വിദർഭ, കർണാടക, മുംബൈ, ഗുജറാത്ത് എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിൽ കളിക്കും. ഗ്രൂപ്പ് സി യിൽ ആസാം, ഗോവ, സർവീസസ്, ഹരിയാന തുടങ്ങിയ ടീമുകളാണുള്ളത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയിൽ നിന്ന് മൊത്തം അഞ്ച് ടീമുകളും, ഗ്രൂപ്പ് സി യിൽ നിന്ന് രണ്ട് ടീമുകളും, പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് ഒരു ടീമുമാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക.