SHARE

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ മാരക ഹാട്രിക്കുമായി ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. 267 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ മൂന്നാമത്തെ ഓവറിലാണ് നാടകീയ ഹാട്രിക്ക്. ഒരൊറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ്‍ മൂന്ന് തുടര്‍വിക്കറ്റുകള്‍ പിഴുതത്. ഡാനി മോറിസണും ഷെയ്ന്‍ ബോണ്ടിനും ശേഷം ഏകദിനത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ കിവി താരമാണ് ബോള്‍ട്ട്.

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഫക്കര്‍ സല്‍മാനായിരുന്നു എക്‌സ്പ്രസ് ബൗളറുടെ ആദ്യ ഇര. വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഫക്കറിന്റെ സമ്പാദ്യം. ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു ഓപ്പണര്‍. തൊട്ടടുത്ത പന്തില്‍ ബാബര്‍ അസം സംപൂജ്യനായി പുറത്ത്. റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച് നല്കിയായിരുന്നു മടക്കം. അടുത്ത പന്തില്‍ മുഹമ്മദ് ഹഫീസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആ ഓവറില്‍ ഒരൊറ്റ റണ്‍സ് പോലും വഴങ്ങാതെയാണ് ബോള്‍ട്ട് മൂന്നുവിക്കറ്റ് വീഴ്ത്തിയത്.

ആദ്യം ബാറ്റുചെയ്ത കിവികളുടെ ഇന്നിംഗ്‌സ് 260 റണ്‍സില്‍ അവസാനിച്ചു. 112 പന്തില്‍ 80 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് ടോപ്‌സ്‌കോറര്‍. ഷദാബ് ഖാന്‍ പത്തോവറില്‍ 38 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. 64 പന്തില്‍ 68 റണ്‍സെടുത്ത ലാഥം ആക്രമിച്ചു കളിച്ചപ്പോള്‍ ടെയ്‌ലര്‍ നങ്കൂരമിട്ടു. ഷദാബ് ഖാന്‍ ഒരോവറില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയതോടെ കിവികള്‍ തകര്‍ന്നു. എന്നാല്‍ ഇഷ് സോധിയും (24) ടിം സൗത്തിയും (20) വാലറ്റത്ത് നടത്തിയ ചെറിയ വെടിക്കെട്ട് കിവികള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു.