SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിനിടെ അപൂർവ്വ റെക്കോർഡിലെത്തി ഇന്ത്യൻ ബാറ്റ്സ്മാൻ ചേതശ്വർ പുജാര. റണ്ണൊന്നുമെടുക്കാതെ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട മൂന്നാമത്തെ ടെസ്റ്റ് ബാറ്റ്സ്മാനെന്ന റെക്കോർഡാണ് ജൊഹാനസ്ബർഗിൽ പുജാരയെ തേടിയെത്തിയത്. 53 പന്തുകൾ റണ്ണില്ലാതെ നേരിട്ട പുജാര 54 ം പന്തിലാണ് തന്റെ അക്കൗണ്ട് തുറന്നത്.

ഒന്നരമണിക്കൂറോളം ക്രീസിൽ പിടിച്ച് നിന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ആദ്യ റൺ നേടിയത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ 22-ം ഓവറിൽ ലുംഗി എങ്കിടിയുടെ മൂന്നാം പന്തിലായിരുന്നു താരത്തിന്റെ ആദ്യ റൺ. ഇക്കാര്യത്തിലെ ഇന്ത്യൻ റെക്കോർഡും ഇതോടെ ഈ സൗരാഷ്ട്രക്കാരന്റെ പേരിലായി.

77 പന്തുകൾ റണ്ണില്ലാതെ നേരിട്ട മുൻ ന്യൂസിലൻഡ് താരം ജെഫ് ആലട്ടിനാണ് ഇക്കാര്യത്തിൽ റെക്കോർഡ്. 1999 ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ആലട്ടിന്റെ ഗംഭീര ഡിഫൻഡിംഗ് പ്രകടനം. 2014 ൽ ശ്രീലങ്കയ്ക്കെതിരെ 55 പന്തുകൾ റണ്ണില്ലാതെ കളിച്ച ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സണാണ് ഇക്കാര്യത്തിൽ പുജാരയ്ക്ക് മുകളിലുള്ള മറ്റൊരു താരം.