SHARE

ട്വന്റി-20 ക്രിക്കറ്റിലെ ഒരു അപൂര്‍വ നേട്ടക്കാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ഹസനും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ റംഗ്പൂര്‍ റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് കൊയ്തതോടെയാണ് ഷക്കീബ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ട്വന്റി-20യില്‍ ഏറ്റവുമധികം അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമാണ് ഷക്കീബ് രണ്ടാംസ്ഥാനം പങ്കിടുന്നത്.

ബംഗ്ലാദേശിനും ലോകത്തെ വിവിധ ട്വന്റി-20 ലീഗുകളിലും കളിക്കുന്ന ഷക്കീബ് ഇതുവരെ കളത്തിലിറങ്ങിയത് 246 ട്വന്റി-20കളില്‍. ഇതില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വൈസ്, ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഫോക്‌നര്‍ എന്നിവരാണ് ഒപ്പമുള്ള മറ്റു രണ്ടുപേര്‍. വൈസ് 155 മത്സരത്തില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയതെങ്കില്‍ ഫോക്‌നര്‍ക്ക് 149 മത്സരമേ വേണ്ടിവന്നുള്ളു. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് പട്ടികയില്‍ മുന്നില്‍. നാലു തവണ അഞ്ചുവിക്കറ്റ് വീഴ്ത്താന്‍ മലിംഗയ്ക്കായി.

ഐപിഎല്‍ ഉള്‍പ്പെടെ നിരവധി ട്വന്റി-20 ലീഗുകളില്‍ സജീവമാണ് ഷക്കീബ്. ബംഗ്ലാദേശ് ലീഗില്‍ ധാക്ക ഡൈനാമിറ്റ്‌സ്, പാക്കിസ്ഥാനില്‍ കറാച്ചി കിംഗ്‌സ്, വിന്‍ഡീസില്‍ ജമൈക്ക തലൈവാസ്, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ബിഗ്ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായും ഷക്കീബ് കളിച്ചിട്ടുണ്ട്.