SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലത്തെ ദിവസം ക്രിസ് ഗെയിൽ എന്ന കരീബിയൻ പവർ ഹൗസിന് അവകാശപ്പെട്ടതായിരുന്നു. പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ചുറി നേടിയ ഗെയിൽ തന്റെ മുന്നിൽ വന്ന ബോളർമാരെയെല്ലാം തലങ്ങും വിലങ്ങും അടിച്ചോടിച്ചു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെട്ടത് അഫ്ഗാനിസ്ഥാന്റെ വണ്ടർ ബോളറായ റാഷിദ്ഖാനായിരുന്നു. റാഷിദിനെതിരെ സിക്സറുകളുടെ മാലപ്പടക്കം തീർത്ത ഗെയിൽ അഫ്ഗാൻ താരത്തിന് ഉറങ്ങാനാവാത്ത രാത്രിയാണ് സമ്മാനിച്ചത്.

വിൻഡീസ് പവർ ഹൗസ് ക്രിസ് ഗെയിൽ പതുക്കെ ഫോമിലേക്ക് എത്തുമ്പോളാണ് സൺ റൈസേഴ്സ് നായകൻ കെയിൻ വില്ല്യംസൺ, തന്റെ വിശ്വസ്ത ബോളറായ റാഷിദിനെ പന്തേൽപ്പിക്കുന്നത്. എന്നാൽ ഗെയ്ലിന് തടയിടാനായില്ലെന്ന് മാത്രമല്ല മറിച്ച് ഗെയ്ലിന്റെ ആക്രമണങ്ങൾ ഏറ്റവും മാരകമായി റാഷിദിന് അനുഭവിക്കേണ്ടിയും വന്നു. 4 ഓവറിൽ 55 റൺസ് വഴങ്ങിയ റാഷിദ് ഖാൻ ടി20 യിലെ തന്റെ ഏറ്റവും മോശം ബോളിംഗ് ഫിഗറുമായാണ് മത്സരത്തിൽ നിന്ന് മടങ്ങിയത്. 2015 ൽ സിംബാബ്‌വെയ്ക്കെതിരെ 4 ഓവറിൽ വഴങ്ങിയ 52 റൺസായിരുന്നു ഇത് വരെ റാഷിദിന്റെ ഏറ്റവും മോശം ടി20 ബോളിംഗ് പ്രകടനം.

റാഷിദ് ഖാനെപ്പോലെ തന്നെ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിനും ഇന്നലത്തെ മത്സരം മറക്കാനാവാത്തതായി മാറി. ടീം ജയിച്ചെങ്കിലും മത്സരത്തിലെ തന്റെ ബോളിംഗ് പ്രകടനം അദ്ദേഹത്തെ ഒട്ടും സന്തോഷപ്പെടുത്തില്ലെന്നത് ഉറപ്പ്. 4 ഓവറുകളിൽ 53 റൺസ് വഴങ്ങിയ അശ്വിനും, തന്റെ ടി20 കരിയറിലെ ഏറ്റവും മോശം ബോളിംഗ് പ്രകടനമാണ് ഇന്നലെ കാഴ്ച വെച്ചത്. 2010 ൽ സിംബാബ്‌വെയ്ക്കെതിരെ 48 റൺസ് വിട്ട് കൊടുക്കേണ്ടി വന്നതായിരുന്നു ഇതിന് മുൻപ് അശ്വിന്റെ മോശം പ്രകടനം.