SHARE

നിലവിൽ ടി20 യിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ ലെഗ് സ്പിന്നർ കഴിഞ്ഞ ദിവസം കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ 3 വിക്കറ്റുകളോടെ ഹൈദരാബാദിന്റെ വിജയ ശില്പിയായിരുന്നു. 13 റൺസിന് പഞ്ചാബിനെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മത്സരത്തിൽ നേടിയ വിക്കറ്റുകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് റാഷിദ് ഖാൻ വ്യക്തമാക്കി.

മികച്ച ഫോമിലുള്ള പഞ്ചാബ് ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പറഞ്ഞ റാഷിദ് ഖാൻ ആ വിക്കറ്റ് കളിയുടെ ഗതിയെ മാറ്റി മറിച്ചെന്നും അഭിപ്രായപ്പെട്ടു. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ എട്ടാം ഓവറിലായിരുന്നു റാഷിദ് ഖാൻ രാഹുലിനെ മടക്കിയത്. മികച്ച രീതിയിൽ ബാറ്റ് വീശി വരവേയായിരുന്നു രാഹുൽ ക്ലീൻ ബോൾഡായി പുറത്തായത്. ഇതോടെ മത്സരത്തിൽ പഞ്ചാബിന്റെ തകർച്ച തുടങ്ങുകയും അവർ അപ്രതീക്ഷിത തോൽ വി ഏറ്റുവാങ്ങുകയും ചെയ്തു.

“രാഹുലിന്റെ വിക്കറ്റ് നേടാൻ കഴിഞ്ഞത് തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. അദ്ദേഹം ഒരു ക്ലാസ് പ്ലേയറാണ്, എനിക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാൾ. വിക്കറ്റിൽ നിന്ന് വിക്കറ്റിലേക്ക് പന്തെറിയുകയായിരുന്നു എന്റെ പദ്ധതി. അത് ഫലിച്ചു. അത് കൊണ്ട് തന്നെ എനിക്ക് പ്രിയപ്പെട്ട വിക്കറ്റുകളിൽ ഇത് മുൻ നിരയിൽത്തന്നെയുണ്ടാകും” താരം പറഞ്ഞുനിർത്തി.