SHARE

ടി20 ക്രിക്കറ്റില്‍ ലെഗ് സ്പിന്നര്‍മാര്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അന്താരാഷ്ട്ര ടീമുകളിലും ടി20 ലീഗ് ടീമുകളിലുമെല്ലാം ലെഗ് സ്പിന്നര്‍മാര്‍ തങ്ങളുടേതായ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. ഐ പി എല്ലില്‍ ഇത്തവണ മികവ് പുറത്തെടുത്ത ലെഗ് സ്പിന്നര്‍മാരില്‍ പ്രധാനിയാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. കൊല്‍ക്കത്തക്കെതിരെ നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ നേടിയതോടെ അപൂര്‍വ്വമായ ഒരു നേട്ടവും റാഷിദ് ഖാനെ തേടിയെത്തി.

വിദേശ ലെഗ് സ്പിന്നര്‍മാരില്‍ ഒരു സീസണ്‍ ഐ പി എല്ലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി റാഷിദ് ഖാന്‍ മാറി. 2008 സീസണില്‍ ഷെയ്ന്‍ വോണ്‍ നേടിയ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ തിരുത്തിയത്. ഈ സീസണില്‍ ഫൈനല്‍ കൂടി അവശേഷിക്കെ, റാഷിദ് ഖാന്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2008 സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഷെയ്ന്‍ വോണ്‍ 19 വിക്കറ്റുകളാണ് അന്ന് നേടിയത്.

ഐ പി എല്ലിലെ ഈ വര്‍ഷത്തെ വിക്കറ്റുവേട്ടയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് റാഷിദ് ഖാന്‍. 24 വിക്കറ്റുകള്‍ നേടിയ പഞ്ചാബ് താരം ആന്‍ഡ്ര്യൂ ടൈയാണ് നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് കൈവശം വെക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ 4 വിക്കറ്റുകള്‍ നേടാനായാല്‍ റാഷിദ് ഖാന് പര്‍പ്പിള്‍ ക്യാപ്പും കയ്യിലാക്കാം. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ രാത്രി 7 മണിക്കാണ് ഐ പി എല്‍ കലാശപ്പോരാട്ടം.