SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷന് മുന്നോടിയായുള്ള മെഗാതാരലേലം അടുത്ത മാസാവസാനമോ, ജനുവരി ആദ്യമോ നടക്കുമെന്നാണ് സൂചനകൾ. ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ നിലനിർത്താൻ ഈ മാസം മുപ്പത് വരെയാണ് ബിസിസിഐ സമയം അനുവദിച്ചിരിക്കുന്നത്. മിക്ക ടീമുകളും ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞെന്നാണ് സൂചനകൾ. എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ റിട്ടെയിൻ ചെയ്യുന്ന കാര്യത്തിൽ ധർമ്മസങ്കടത്തിലാണെന്നാണ് സൂചനകൾ.

ടീമിന്റെ നായകനും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയിൻ വില്ല്യംസണെ തങ്ങളുടെ ആദ്യ താരമായി നിലനിർത്താനാണ് സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റ് താല്പര്യപ്പെടുന്നത്. എന്നാൽ ടീമിലെ മറ്റൊരു സൂപ്പർ താരമായ റാഷിദ് ഖാൻ ഇതിൽ അസ്വസ്ഥനാണെന്നും ടീമിലെ ഒന്നാമനായി തന്നെ നിലനിർത്തണമെന്ന് അദ്ദേഹം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെന്നുമാണ് സൂചന. ഇത് കൊണ്ടു തന്നെ റിട്ടൻഷനുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനങ്ങളൊന്നുമെടുക്കാൻ ഓറഞ്ച് ആർമിക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല.

ടീം ലേലത്തിന് മുൻപ് ഒന്നാമനായി നിലനിർത്തുന്ന താരത്തിന് 16 കോടി രൂപയും, രണ്ടാമനായി നിലനിർത്തുന്ന കളികാരന് 12 കോടി രൂപയുമാണ് പ്രതിഫലം ലഭിക്കുക. രണ്ടാമനായാണ് നിലനിർത്തപ്പെടുന്നതെങ്കിൽ പ്രതിവർഷം 4 കോടി രൂപ പ്രതിഫലത്തിൽ കുറവ് വരുമെന്ന ചിന്തയാകാം ഒന്നാമാനായി തന്നെ നിലനിർത്തണമെന്ന്‌ ഹൈദരാബാദിനോട് റാഷിദ് ഖാൻ ആവശ്യപ്പെട്ടതിന് കാരണം.

കളികാരെ ടീമിൽ നിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് മൊത്തം 42 കോടി രൂപയാകും അതിനായി മുടക്കേണ്ടി വരിക. നിലനിർത്തുന്ന ആദ്യത്തെ താരത്തിന് 16 കോടിയും, രണ്ടാമത്തെ താരത്തിന് 12 കോടി രൂപയും, മൂന്നാമത്തെ താരത്തിന് 8 കോടി രൂപയും, നാലാമത്തെ താരത്തിന് 6 കോടി രൂപയുമാകും ടീമുകൾ‌ നൽകേണ്ടി വരുക.

3 കളികാരെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് 33 കോടി രൂപയാകും അതിന് വേണ്ടി ചിലവാകുക. നിലനിർത്തുന്ന ഒന്നാമന് 15 കോടി, രണ്ടാമന് 11 കോടി, മൂന്നാമന് 7 കോടി രൂപ എന്നിങ്ങനെയാവും അവർക്ക് നൽകേണ്ടി വരുക.

രണ്ട് താരങ്ങളെ‌ മാത്രം നിലനിർത്തുന്ന ടീമുകൾക്ക് 24 കോടി രൂപയാണ് അതിന് ചിലവഴിക്കേ‌ണ്ടി വരിക. ആദ്യത്തെ താരത്തിന് 14 കോടി രൂപയും, രണ്ടാമന് 10 കോടിയുമാണ് അവർ നൽകേണ്ടത്. ലേലത്തിന് മുൻപ് ആകെ ഒരു താരത്തെ മാത്രം നിലനിർത്തുന്ന ഫ്രാഞ്ചൈസിക്കാവട്ടെ 14 കോടി രൂപയാകും ചിലവാകുക.