SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ വേഗം പുരോഗമിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ദിവസം ഏകദിന ചരിത്രത്തിലാദ്യമായി പത്താം റാങ്കിലെത്തിയ അഫ്ഗാൻ ടീമിൽ ലോക നിലവാരത്തിലുള്ള ധാരാളം താരങ്ങളുണ്ട്. മൊഹമ്മദ് നബി, റാഷിദ് ഖാൻ, മൊഹമ്മദ് ഷഹ്സാദ് എന്നിവർ അവരിൽ ചിലർ മാത്രം. ഇതിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ എണ്ണം പറഞ്ഞൊരു റെക്കോർഡ് ലക്ഷ്യം വെക്കുകയാണ് അവരുടെ സ്പിൻ സെൻസേഷൻ റാഷിദ് ഖാൻ.

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ നേടുന്ന താരമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ അഫ്ഗാൻ സ്പിന്നർ. നിലവിൽ 35 മത്സരങ്ങളിൽ നിന്ന് 81 വിക്കറ്റുകളാണ് ഈ പത്തൊൻപതുകാരന്റെ സമ്പാദ്യം. അടുത്ത 16 മത്സരങ്ങൾക്കുള്ളിൽ 19 വിക്കറ്റുകൾ നേടാൻ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ 100 ഏകദിന വിക്കറ്റുകളെടുക്കുന്ന ബോളറായി മാറാൻ റാഷിദ് ഖാന് കഴിയും. ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനാണ് നിലവിൽ ഇക്കാര്യത്തിലെ റെക്കോർഡ്. 52 മത്സരങ്ങളിൽ നിന്നാണ് സ്റ്റാർക്കിന്റെ 100 വിക്കറ്റ് നേട്ടം.

പാകിസ്ഥാൻ സ്പിന്നർ സഖ്ലെയിൻ മുഷ്താഖ് 53 മത്സരങ്ങളിൽ നിന്നും, ന്യൂസിലൻഡ് പേസർ ഷെയിൻ ബോണ്ട് 54 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. 35 ഏകദിനങ്ങളിൽ 81 വിക്കറ്റ് നേടിയിട്ടുള്ള റാഷിദ് ഖാൻ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും, നാല് തവണ നാല് വിക്കറ്റ് നേട്ടവും ഏകദിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 18 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം.