SHARE

അഫ്ഗാനിസ്ഥാന്റെ ട്വന്റി-20 ടീമിന്റെ നായകനായി വണ്ടര്‍ സ്പിന്നര്‍ റഷീദ് ഖാനെ നിയമിച്ചു. ഓരോ ഫോര്‍മാറ്റിനും വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന നയത്തിലൂന്നി പുതിയ നായകന്മാരെയും പ്രഖ്യാപിച്ചു. അസ്ഗര്‍ അഫ്ഗാനെ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി. ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍ ഗുല്‍ബദിന്‍ നയ്ബാണ് നായകന്‍. ടെസ്റ്റില്‍ റഹ്മത്ത് ഷായും ടീമിനെ നയിക്കും.

ദേശീയ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് ഇതോടെ റഷീദിനെ തേടി എത്തിയിരിക്കുന്നത്. 20 വയസും 197 ദിവസവും ഉള്ളപ്പോഴാണ് റഷീദ് നായകനാകുന്നത്. സിംബാബ്‌വെ മുന്‍നായകന്‍ തതേന്ദ തയ്ബുവിനെയാണ് റഷീദ് മറികടന്നത്. 20 വയസും 358 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു തയ്ബു ക്യാപ്റ്റനായത്. ഇന്ത്യയുടെ മണ്‍സൂര്‍ അലിഖാന്‍ പട്ടൗഡിയാണ് (21 വയസ് 77 ദിവസം) മൂന്നാമന്‍.

ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കങ്ങളെന്നാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ നീക്കത്തെ വിശദീകരിക്കുന്നത്. അതേസമയം ഏകദിന ക്യാപ്റ്റനായി നയ്ബിനെ നിയോഗിച്ചത് ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമാണെങ്കിലും മുഹമ്മദ് നബി, റഹ്മത്ത് ഷാ എന്നിവരെ പിന്തള്ളിയാണ് നയ്ബ് ക്യാപ്റ്റനാകുന്നത്