SHARE

ദക്ഷിണാഫ്രിക്ക ‌ദയനീയ പ്രകടനം കാഴ്ച വെച്ച ലോകകപ്പിനിടയിലും അവർക്ക് വേണ്ടി‌ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത യുവ ബാറ്റ്സ്മാൻ വാൻ ഡർ ഡസനെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ ഉൾപ്പെടുത്തി. ഈ സീസണിൽ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വാർഷിക കരാർ ലഭിക്കുന്ന പതിനേഴാം താരമാണ് വാൻഡർ ഡസൻ. ലോകകപ്പിൽ 6 ഇന്നിംഗ്സുകളിൽ നിന്ന് 311 റൺസ് നേടിയ പ്രകടനമാണ് കരാർ പട്ടികയിൽ ഇടം പിടിക്കാൻ വാൻഡർ ഡസന് തുണയായത്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനെന്ന് കൂടി വിലയിരുത്തപ്പെടുന്ന താരമാണ് വാൻഡർ ഡസൻ. നേരത്തെ കരാർ പട്ടികയിലുണ്ടായിരുന്ന ഫാസ്റ്റ് ബോളർ ഡുവാൻ ഒളിവിയർ കൊൽപ്പാക് ഡീലിൽ ഒപ്പുവെച്ച് ഇംഗ്ലണ്ടിലേക്ക് പോയിരുന്നു‌. ഇതോടെ വന്ന ഒഴിവിലാണ് ഇപ്പോൾ വാൻഡർ ഡസന് കരാർ ലഭിച്ചിരിക്കുന്നത്.

വാൻഡർ ഡസന് വാർഷിക കരാർ നൽകിയതിനൊപ്പം, ഈ മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന സ്പിൻ ബോളിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന 15 അംഗ ടീമിനെയും ക്രിക്കറ്റ് സൗത്താഫ്രിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എട്ട് ബാറ്റ്സ്മാന്മാരും, ഏഴ് സ്പിന്നർമാരുമടങ്ങുന്ന സംഘം ഈയാഴ്ച അവസാനത്തോടെ ഇന്ത്യയിലെത്തും. ഓഗസ്റ്റ് 17 മുതൽ 23 വരെ ബെംഗളൂരുവിലാണ് ഈ ക്യാമ്പ് നടക്കുന്നത്. ഉപഭൂഖണ്ഡത്തിൽ വരാനിരിക്കുന്ന പരമ്പരകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക ഇങ്ങനെയൊരു ക്യാമ്പിന് ഇന്ത്യയിലേക്ക് താരങ്ങളെ അയക്കുന്നത്. സൂപ്പർ താരങ്ങളായ ഐഡൻ മാർക്രം, ടെംബ ബാവുമ എന്നിവർ ക്യാമ്പിനായി ഇന്ത്യയിലെത്തുന്ന താരങ്ങളിലുണ്ട്.