SHARE

പതിനഞ്ചാം സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന് മുൻപ് ശ്രേയസ് അയ്യർ, രവിചന്ദ്രൻ അശ്വിൻ എന്നീ‌ സൂപ്പർ താരങ്ങളെ ഡെൽഹി ക്യാപിറ്റൽസ് ടീമിൽ നിലനിർത്തിയേക്കില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ തന്നെയാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്ത് വിട്ടത്.

2022 സീസൺ ഐപിഎല്ലിന്റെ താരലേലത്തിന് മുൻപ് പരമാവധി നാല് താരങ്ങളെ വരെ ടീമിൽ നിലനിർത്താനാണ്‌ കഴിഞ്ഞ ഐപിഎല്ലിൽ കളിച്ച എട്ട് ഫ്രാഞ്ചൈസികൾക്ക് അനുമതിയുള്ളത്. ടൂർണമെന്റിലേക്ക് പുതുതായെത്തിയ രണ്ട് ഫ്രാഞ്ചൈസികൾക്കാവട്ടെ ലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ വരെ ടീമിലെടുക്കാം. എന്നാൽ നിലനിർത്താവുന്ന താരങ്ങളിൽ പരമാവധി മൂന്ന് ഇന്ത്യൻ താരങ്ങൾ വരെയാകാനേ പാടുള്ളൂവെന്നത് ഇന്ത്യൻ താരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഡെൽഹി ക്യാപിറ്റൽസിന് വലിയ തിരിച്ചടിയാണ്.

“ശ്രേയസ് അവിടെയില്ല‌ (ഡെൽഹി നിലനിർത്തുന്നവരിൽ) എന്ന് ഞാൻ കരുതുന്നു. ഞാനും അവിടെയില്ല. എന്നെ എടുത്തിരുന്നെങ്കിൽ (നിലനിർത്തിയിരുന്നുവെങ്കിൽ) ഞാനത് അറിയുമായിരുന്നു.” ഐപിഎൽ മെഗാലേലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനിടെ അശ്വിൻ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ കുറച്ചു സീസണുകളായി ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഡെൽഹി ക്യാപിറ്റൽസ്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫിലെത്തിയ അവർ ഋഷഭ് പന്ത്, ആൻറിച്ച് നോർക്കിയ എന്നീ സൂപ്പർ താരങ്ങളെ ലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്‌. ശേഷിക്കുന്ന ‌രണ്ട് റിട്ടൻഷനുകൾ ഏതൊക്കെ താരങ്ങൾക്ക് വേണ്ടിയാകും അവർ ഉപയോഗിക്കുക എന്ന കാര്യം കണ്ടറിയണം.