SHARE

ഇന്ത്യന്‍ ടീമിന്റെ കോച്ചായി വീണ്ടും നിയമിക്കപ്പെട്ട രവി ശാസ്ത്രി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. കോച്ച് എന്ന നിലയില്‍ വരും നാളുകളില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി -ട്വന്റി ലോകകപ്പും ഒപ്പം ലോക ടെസ്റ്റ് ച്മ്പ്യന്‍ഷിപ്പിലെ ഇനിയുള്ള മത്സരങ്ങളും മുന്‍ നിര്‍ത്തിയുള്ള പദ്ധതികളാവും ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ എല്ലാ പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ടീമിനുണ്ടെന്നും ഈ വിജയം മുന്നോട്ടു തുടരുമെന്നും അദ്ദേഹം പറഞ്ഞു. പര്യടനം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കിടെ ദുബൈയില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് ശാസ്ത്രി എടുത്തു പറഞ്ഞു. യുവതാരങ്ങള്‍ ടീമിന്റെ കരുത്താണെന്നും അവരില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രവി ശാസ്ത്രി പറഞ്ഞു. ലോകക്രിക്കറ്റില്‍ ഇപ്പോള്‍ ടീമിനുള്ള മേല്‍ക്കൈ നിലനിര്‍ത്തുമെന്ന് പരിശീലകന്‍ പറഞ്ഞു