SHARE

ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രിക്ക് പുതിയ ചുമതകള്‍ നല്‍കാനൊരുങ്ങുകയാണ് പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കൂടി ശാസ്ത്രിയെ ഉപയോഗിക്കാനാണ് ഗാംഗുലിയുടെ നീക്കം. ഇന്ത്യയ്ക്ക മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളിലായിരിക്കും ശാസ്ത്രി പുതിയ ചുമതല നിര്‍വ്വഹിക്കേണ്ടത്.

നിലവില്‍ രാഹുല്‍ ദ്രാവിഡും പരസ് മാബ്രെയും അക്കാദമിയിലുണ്ട്. മാത്രമല്ല ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. അക്കാദമിയും ദേശിയ സീനിയര്‍ ടീമുമായി മികച്ച സഹകരണം ഉറപ്പാക്കാന്‍ ശാസ്ത്രിയുടെ വരവ് സഹായിക്കുമെന്നാണ് ഗാംഗുലിയുടെ വിശദീകരണം.

പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഐസിസി ടൂര്‍ണമെന്റുകളിലും ഈ മികവ് കാട്ടാനാകണമെന്നും ഗാംഗുലി പറഞ്ഞു. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള ഇടമാണ് ക്രിക്കറ്റ് അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു.