SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടേയും, ടീമിന്റെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളുടേയും കരാർ ബിസിസിഐ നീട്ടിയേക്കുമെന്ന് സൂചന. ലോകകപ്പിന് മുന്നോടിയായി ഇത് സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകരുടെ കരാറുകൾ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ അവസാനിക്കുകയാണ്. എന്നാൽ സമീപകാലത്തായി ഇന്ത്യൻ ടീമിന്റേത് മികച്ച പ്രകടനമായതിനാൽ ഇപ്പോളത്തെ പരിശീലക‌സംഘത്തിന്റെ കരാർ നീട്ടാൻ ബിസിസിഐ ക്ക് താല്പര്യമുണ്ട്.

മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിംഗ് പരിശീലകൻ ഭരത് അരുൺ, ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവരുടെ കരാറുകൾ നീട്ടാനാണ് ബിസിസിഐ നീക്കം. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ ഇവരുടെ കരാറുകൾ നീട്ടിയേക്കുമെന്നാണ് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ 2017 ൽ അനിൽകുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു രവി ശാസ്ത്രി ഇന്ത്യൻ പരിശീലകനായത്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമുൾപ്പെടെ പല പ്രധാന നേട്ടങ്ങളിലേക്കും അദ്ദേഹം ഇന്ത്യയെ നയിച്ചു.