SHARE

മെൽബൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം മയങ്ക് അഗർവാളിനെ മുൻ ഓസീസ് താരം കെറി ഒകീഫ് കളിയാക്കിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മയങ്ക് കഴിഞ്ഞ സീസൺ രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയത് റെയിൽവേ ക്യാന്റീൻ സ്റ്റാഫുകൾക്കെതിരെയായിരുന്നെന്നും, അവിടുത്തെ ഷെഫുമാരും ബെയിറ്റർമാരുമായിരുന്നു അഗർവാളിനെതിരെ പന്തെറിഞ്ഞതെന്നുമായിരുന്നു ഒകീഫിന്റെ പരിഹാസം.

എന്നാൽ ഒകീഫിന്റെ പരിഹാസത്തിനെതിരെ ഇന്ത്യൻ ആരാധകർ രംഗത്ത് വന്നതോടെ കളി കാര്യമായി. ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം രൂക്ഷമായപ്പോൾ അവസാനം മാപ്പ് പറഞ്ഞ് ഒക്കീഫ് സംഭവത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഈ സംഭവം അത്ര പെട്ടെന്ന് വിടാൻ തയ്യാറല്ലായിരുന്നു.

കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ, ഒകീഫിന്റെ കളിയാക്കലുകൾക്ക് രവി ശാസ്ത്രി ചുട്ട മറുപടി നൽകി. ” നിങ്ങൾ ഒരു ക്യാന്റീൻ തുടങ്ങുമ്പോൾ മയങ്ക് അഗർവാളിന് അവിടെ വരാനും, അവിടുത്തെ കോഫി കുടിക്കാനും ആഗ്രഹമുണ്ടെന്നും, പറഞ്ഞ ശാസ്ത്രി അവിടുത്തെ കോഫിയാണോ അതോ ഇന്ത്യയിലെ കോഫിയാണോ മികച്ചതെന്ന് അദ്ദേഹം താരതമ്യം ചെയ്ത് നോക്കിയതിന് ശേഷം പറയുമെന്നും കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ ഈ കളിയാക്കൽ മറുപടി കേട്ട് കമന്റേറ്ററായ ഷെയിൻ വോണിന് പോലും ചിരിയടക്കാനായില്ല.