SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ഒരുങ്ങി ബിസിസിഐ. ലോകകപ്പിന് പിന്നാലെ നിലവിലെ പരിശീലക‌ൻ രവി ശാസ്ത്രിയുമായുള്ള‌ കരാർ കാലാവധി അവസാനിക്കുന്നതിനാലാണ് ടീം പുതിയ പരിശീലകനെ തേടുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ബിസിസിഐ പരിശീലക സ്ഥാനത്തേക്കുള്ള പുതിയ അപേക്ഷകൾ ക്ഷണിച്ച് തുടങ്ങുമെന്നാണ് സൂചന.

ലോകകപ്പോടെ രവി ശാസ്ത്രിയും ഇന്ത്യൻ ടീമുമായുള്ള പരിശീലക കരാർ അവസാനിച്ചിരുന്നു. എന്നാൽ 45 ദിവസത്തേക്ക് കൂടി ബിസിസിഐ ഇത് നീട്ടി നൽകുകയായിരുന്നു‌. ഇതോടെ വിൻഡീസ് പര്യടനത്തിലും ശാസ്ത്രിക്ക് കീഴിലാകും ടീം ഇന്ത്യ കളിക്കുക എന്നുറപ്പായി. അതേ സമയം ബിസിസിഐ പരിശീലകനെ കണ്ടെത്താനുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങുമ്പോൾ രവി ശാസ്ത്രിക്ക് വീണ്ടും അപേക്ഷ‌നൽകാം. മുഖ്യ പരിശീലകന്‌പുറമേ ടീമിന്റെ സപ്പോർട്ട് സ്റ്റാഫുകൾക്ക് വേണ്ടിയും ബിസിസിഐ അപേക്ഷ ക്ഷണിക്കും.

നേരത്തെ 2017 ലായിരുന്നു ശാസ്ത്രി ഇന്ത്യൻ പരിശീലകനായെത്തിയത്. അദ്ദേഹത്തിന് കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്‌. പരിശീലകർക്കൊപ്പം ടീമിന് പുതിയ ട്രെയിനറേയും, ഫിസിയോയേയും കൂടി കണ്ടെത്തേണ്ട ചുമതല ബിസിസിഐക്കുണ്ട്. ടീമിന്റെ ട്രെയിനറായിരുന്ന ശങ്കറും, ഫിസിയോ ആയിരുന്ന പാട്രിക്ക് ഫർഹത്തും ലോകകപ്പോടെ ഈ സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങിയതിനാലാണ് ഇത്.