SHARE

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ ഡെൽഹി ക്യാപിറ്റൽസിലെത്തി‌‌.‌ കഴിഞ്ഞ ദിവസം പഞ്ചാബ് ടീമിന്റെ സഹ ഉടമയായ നെസ് വാഡിയ, അശ്വിനെ ഡെൽഹി ക്യാപിറ്റൽസുമായി ട്രേഡ് ചെയ്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന താരലേലത്തിൽ നിന്ന് 7.6 കോടി രൂപ മുടക്കി ൽയായിരുന്നു അശ്വിനെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. പോയ രണ്ട് സീസണുകളിൽ ടീമിനെ നയിച്ചതും അശ്വിനായിരുന്നു. അശ്വിനെ ടീമിലെത്തിക്കുമ്പോൾ ഡെൽഹി, പകരം പഞ്ചാബിന് നൽകുന്നത് ഒന്നരക്കോടി ഇന്ത്യൻ രൂപയും, ഒപ്പം ഇടം കൈയ്യൻ സ്പിന്നർ ജെ സുചിത്തിനെയുമാണ്.

2009 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച അശ്വിൻ 139 മത്സരങ്ങളിൽ നിന്ന് 125 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2010 ലും, 2011 ലും ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായിരുന്നു അശ്വിൻ‌. എന്നാൽ പഞ്ചാബിന്റെ ക്യാപ്റ്റൻസിയിൽ തിളങ്ങാൻ അശ്വിന് കഴിഞ്ഞിരുന്നില്ല. അശ്വിൻ നയിച്ച രണ്ട് സീസണുകളിലും ടീമിന് പ്ലേ ഓഫിലെത്താനും കഴിഞ്ഞില്ല. അശ്വിൻ ടീം വിട്ടതോടെ, ഇന്ത്യൻ താരം കെ എൽ രാഹുൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന.