SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിൽ നിന്ന് പുറത്തായി. ഇന്നലെ വൈകിട്ട് ബിസിഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി‌ സമ്മാനിക്കുന്ന വാർത്തയാണിത്.

സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ ജഡേജയുടെ വലത് കൈയ്യുടെ തള്ളവിരലിനായിരുന്നു പരിക്ക് പറ്റിയത്. തുടർന്ന് സ്കാനിംഗിന് വിധേയനായ താരത്തിന്റെ പരിശോധനാഫലങ്ങൾ പുറത്ത് വന്നപ്പോൾ തള്ളവിരലിന് സ്ഥാനമാറ്റമുണ്ടെന്ന്‌ വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് താരത്തിന് നാലാം ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായത്.

അതേ സമയം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ജഡേജ സിഡ്നിയിലെ ഹാൻഡ് സ്പെഷ്യലിസ്റ്റിന്റെ ഉപദേശം തേടുമെന്നാണ് സൂചന. ഇന്ത്യയിൽ എത്തിയതിന് ശേഷം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അദ്ദേഹം റീഹാബിലിറ്റേഷന് വിധേയനാവും.