SHARE

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും തല ഉയർത്തി ‌നിന്നായിരുന്നു ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിന് വേണ്ടി പൊരുതിയത്. ആദ്യം ബോളിംഗിലും, പിന്നീട് ഫീൽഡിംഗിലും മിന്നും പ്രകടനം പുറത്തെടുത്ത ജഡ്ഡു, ഇന്ത്യ‌ൻ മുൻ നിര ബാറ്റ്സ്മാന്മാർ കളി മറന്നപ്പോൾ നിർണായക ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചും ആരാധകരുടെ കൈയ്യടികൾ നേടി.

ഇന്ത്യയ്ക്ക് ഇന്നലത്തെ മത്സരത്തിൽ വിജയപ്രതീക്ഷ നൽകിയത് 77 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിംഗായിരുന്നു. എട്ടാമനായി ക്രീസിലെത്തി 59 പന്തുകളിൽ നിന്ന് 4 വീതം ബൗണ്ടറികളും സിക്സറുകളുമടക്കമാണ് ജഡ്ഡു 77 റൺസ് അടിച്ച് കൂട്ടിയത്. ഈ ഇന്നിംഗ്സോടെ ലോകകപ്പിലെ ഒരു തകർപ്പ‌ൻ റെക്കോർഡും ജഡേജ സ്വന്തമാക്കി.

ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ എട്ടാമതോ അതിൽ താഴെയോ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങി അർധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇപ്പോൾ ജഡ്ഡുവിന്റെ പേരിലായിരിക്കുന്നത്. ഇതിനൊപ്പം ലോകകപ്പിൽ എട്ടാം സ്ഥാനത്തോ, അതിൽ താഴെയോ ബാറ്റിംഗിനിറങ്ങിയ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് കൂടി ഇന്നലെ ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.