SHARE

ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജി വീണ്ടും ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുന്നു. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയെയാണ് ഇന്ത്യൻ ദേശീയ ടീം ഓൾറൗണ്ടർ നയിക്കുക. സ്പോർട്സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രഞ്ജി ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് നാളെ സൗരാഷ്ട്ര തമിഴ്നാടിനെ നേരിടുന്നത്. ചെന്നൈയിൽ നടക്കുന്ന ഈ മത്സരത്തിലാണ് ജഡേജ ടീമിനെ നയിക്കുക. സൗരാഷ്‌ട്രയുടെ സ്ഥിരം ക്യാപ്റ്റനായ ജയദേവ് ഉനദ്ഘട്ട് കളിക്കാത്ത സാഹചര്യത്തിലാണ് ക്യാപ്റ്റൻസി ജഡേജയിലേക്കെത്തുന്നത്. അർപ്പിത് വാസവദയാണ് ടീം വൈസ് ക്യാപ്റ്റൻ.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ജേഡജയുടെ പരിചിത തട്ടകമാണ് ചെന്നൈ. കഴിഞ്ഞ ഐപിഎല്ലിൽ ജഡേജയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്. എന്നാൽ സീസണിനിടയിൽ മ​ഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും പിന്നാലെ ജഡേജ പരുക്കിനെത്തുടർന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഓ​ഗസ്റ്റിൽ കാൽമുട്ടിന് പരുക്കേറ്റ് പുറത്തായ ജഡേജയുടെ ക്രിക്കറ്റിലേക്കുള്ല തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. 2018 നവംബറിന് ശേഷമുള്ള ആദ്യ രഞ്ജി മത്സരം കൂടിയാണിത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലിടം നേടിയ ജഡേജയ്ക്ക് തയ്യാറെടുപ്പനുള്ള അവസരം കൂടിയാണ് ഈ മത്സരം.