SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ കാൽമുട്ടിന്‌ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ മത്സരശേഷം ലീഡ്സിലെ ആശുപത്രിയിൽ സ്കാനിംഗിന് വിധേയനാക്കി. മത്സരത്തിന്റെ രണ്ടാം ദിവസം ഫീൽഡ് ചെയ്യുന്നതിനിടെ യായിരുന്നു ജഡേജയുടെ കാൽമുട്ടിന്‌ പരിക്കേറ്റത്. പിന്നീട് ഈ പരിക്കും വെച്ചു കൊണ്ടായിരുന്നു താരം കളിച്ചത്. എന്നാൽ മത്സരശേഷം പരിക്കിന്റെ വ്യാപ്തി അറിയാൻ താരത്തെ സ്കാനിംഗിന് വിധേയവാക്കുകയായിരുന്നു.

നിലവിൽ പേടിക്കത്തക്ക പ്രശ്നങ്ങളൊന്നും ജഡേജക്കില്ലെന്നാണ് ഇംഗ്ലണ്ടിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. സ്കാനിംഗ് ഫലങ്ങളിലും കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ താരം നാലാം ടെസ്റ്റിനും ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇന്ത്യക്കായി കളിച്ച താരം കൂടിയാണ് ജഡേജ.

നേരത്തെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും, 76 റൺസിനുമായിരുന്നു ഇന്ത്യ ദയനീയമായി പരാജയപ്പെട്ടത്. ഈ വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലെത്തിക്കാൻ ഇംഗ്ല‌ണ്ടിനായി. നേരത്തെ രണ്ടാം ടെസ്റ്റിൽ വിജയിച്ചിരുന്ന ഇന്ത്യ, ഈ മത്സരത്തിന് മുന്നേ പരമ്പരയിൽ 1-0 ന് മുന്നിലായിരുന്നു. അതേ സമയം സെപ്റ്റംബർ 2 മുതൽ 6 വരെ കെന്നിങ്ടൺ ഓവലിലാണ് ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കുക.