SHARE

 

 

യുറോപ്യന്‍ താരക്കൈമാറ്റ മാര്‍ക്കറ്റില്‍ ഇന്നലെവരെ റയല്‍ വില്‍ക്കാനുറച്ച താരമായിരുന്നു ജയിംസ് റോഡ്രിഗസ്. എന്നാല്‍ വളരെ പെട്ടന്ന് തീരുമാനം മാറ്റിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. ക്ലബ്ബിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഈ താരം അനിവാര്യമാണെന്ന പരിശീലകന്‍ സിനദിന്‍ സിദ്ദാന്റെ തോന്നലാണ് തീരുമാനമാറ്റത്തിനു പിന്നില്‍.

ഈ 28 കാരനായ കൊളംബിയന്‍ താരത്തെ കഴിഞ്ഞ രണ്ടു സീസണായി ജര്‍മ്മന്‍ ക്ലബ്ബായ ബയണ്‍ മ്യൂണിക്കിനു വായ്പ നില്‍കിയിരിക്കുകയായിരുന്നു. റയല്‍. പിഎസ്ജി യില്‍ നിന്നു നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പിഎസ്ജിയ്ക്കു പണത്തിനൊപ്പം കൈമാറാന്‍ ഉദ്ദേശിച്ചിരുന്ന താരങ്ങളില്‍ റോഡ്രിഗസും ഉണ്ടയായിരുന്നതായാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടു തുടങ്ങിയിട്ടുമില്ല.

2014 ലാണ് റോഡ്രിഗസ് റയല്‍ മാഡ്രിഡിനൊപ്പം ചേരുന്നത്. തുടര്‍ന്ന് രണ്ടു തവണ റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോവും ലാ ലിഗ ചാമ്പ്യന്‍മാരായപ്പോഴും ഈ താരം ഒപ്പമുണ്ടായിരുന്നു. 111 മത്സരങ്ങളാണ് റയലിനു വേണ്ടി റോഡ്രിഗസ് കളിച്ചിട്ടുള്ളത്. തുടര്‍ന്ന് 2017-2018 സീസണിലാണ് താരത്തെ ലോണ്‍ വ്യവസ്ഥയില്‍ വയണ്‍ മ്യൂണിക്കിനു കൈമാറുന്നത്.