SHARE

ടോട്ടനം ഹോട്ട്‌സ്പറിനെ അവരുടെ മൈതാനത്ത് അടിയറവ് പറയിച്ച് ജര്‍മ്മന്‍ കരുത്തന്‍മാരായ ആര്‍.ബി ലെപ്‌സിഗ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെപ്‌സിഗിന്റെ ജയം. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെ ആദ്യ മത്സരത്തിലെ പരാജയം ജോസ് മൗറിഞ്യോക്ക് കനത്ത തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ തീമോ വെര്‍ണറായിരുന്നു ഗോള്‍ നേടിയത്. സീസണിലെ വെര്‍ണറുടെ 26-ാം ഗോള്‍ കൂടിയാണ് ഇത്. ഗോള്‍ വഴങ്ങിയ ശേഷം ടോട്ടനം മികച്ച കളി പുറത്തെടുത്തെങ്കിലും ലെപ്‌സിഗ് ഗോളിയുടെ മികവില്‍ ഒന്നും ഗോളിലെത്തിക്കാന്‍ കഴിഞ്ഞില്ല.

സ്വന്തം മൈതാനത്തെ തോല്‍വിയാണ് ടോട്ടനത്തിന് നിരാശ സമ്മാനിച്ചത്. ഇനി രണ്ടാം പാദത്തില്‍ ലെപ്‌സിഗിനെ അവരുടെ തട്ടകത്തിലെത്തിയാണ് നേരിടേണ്ടത്. മാര്‍ച്ച് 11 നാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. കൂടുതല്‍ ഗോളുകള്‍ നേടി ഈ ലീഡ് മറികടക്കാനാവുമെന്നാണ് ടോട്ടനത്തിന്റെ പ്രതീക്ഷ.