SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റൺസിന്റെ ആവേശ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 213/4 എന്ന കൂറ്റൻസ്കോർ നേടിയപ്പോൾ, കൊൽക്കത്തയുടെ മറുപടി 203/5 വരെയേ എത്തിയുള്ളൂ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആന്ദ്രെ റസൽ കൊൽക്കത്തയ്ക്ക് ആവേശ ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും ബാംഗ്ലൂർ കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു.

നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറിയായിരുന്നു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിംഗ്സിന്റെ പ്രത്യേകത. 58 പന്തിൽ 100 റൺസ് നേടിയ കോഹ്ലി ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്. 28 പന്തിൽ 66 റൺസ് നേടിയ മോയിൻ അലിയും ബാംഗ്ലൂരിനെ കൂറ്റൻ സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

കൊൽക്കത്തയുടെ തുടക്കം ദയനീയമായിരുന്നു. 33 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായ അവർ 11.5 ഓവറുകളിൽ 79/4 എന്ന സ്കോറിലേക്ക് വീണു. പിന്നീടായിരുന്നു നിതീഷ് റാണയും, ആന്ദ്രെ റസലും ചേർന്നുള്ള ബാറ്റിംഗ് വിസ്ഫോടനം. 46 പന്തിൽ 9 ബൗണ്ടറികളും, 5 സിക്സറുകളുമടക്കം 85 റൺസ് നേടിയ റാണയും, 25 പന്തിൽ 2 ബൗണ്ടറിയും 9 സിക്സറുകളുമടക്കം 65 റൺസ് നേടിയ റസലും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും ലക്ഷ്യത്തിന്‌തൊട്ടരികെ വരെയെത്താനേ അവർക്ക് കഴിഞ്ഞുള്ളൂ.