SHARE

ബാറ്റിംഗ് വെടിക്കെട്ടിന് തീകൊളുത്തി ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. പ്ലേഓഫ് ഉറപ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കോഹ്‌ലിയും സംഘവും വീഴ്ത്തിയത് 14 റണ്‍സിന്. 42 പന്തില്‍ 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ അവസാന നിമിഷം വരെ പോരാടിയെങ്കിലും വിജയദേവത ബാംഗ്ലൂരിനൊപ്പമായിരുന്നു. സ്‌കോര്‍- ബാംഗ്ലൂര്‍ 218-6, ഹൈദരാബാദ് 204-3.

ബാംഗ്ലൂര്‍ മുന്നോട്ടുവച്ച 219 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഹൈദരാബാദിനെയല്ല ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്. ശിഖര്‍ ധവാന്‍ 18 റണ്‍സെടുത്ത് പുറത്തായെങ്കിലും അലക്‌സ് ഹെയ്ല്‍സിനൊപ്പം 47 റണ്‍സിന്റെ കൂട്ടുകെട്ട് ഒരുക്കാനായി. പിന്നാലെയെത്തിയ കെയ്ന്‍ വില്യംസണ്‍ ഹെയ്ല്‍സിനൊപ്പം ചേര്‍ന്നതോടെ റണ്‍നിരക്ക് ഉയര്‍ന്നു. എട്ടാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിലൈനില്‍ അസാമാന്യ മികവോടെ ഡിവില്യേഴ്‌സ് ഹെയ്ല്‍സിനെ ക്യാച്ചെടുത്തു പുറത്താക്കി. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്.

24 പന്തില്‍ 37 റണ്‍സായിരുന്നു ഹെയ്ല്‍സിന്റെ സംഭാവന. നാലാമനായി ഇറങ്ങിയ മനീഷ് പാണ്ഡെ പതിയെയാണ് ബാറ്റു വീശിയതെങ്കിലും മറുവശത്ത് വില്യംസണ്‍ അപാര ഫോമിലായിരുന്നു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച കിവി നായകന്‍ 28 പന്തില്‍ അര്‍ധശതകം തികച്ചു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിറാജ് വില്യംസണിനെ വീഴ്ത്തിയതോടെ കളി ബാംഗ്ലൂരിന് സ്വന്തം.

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പാര്‍ത്ഥിവ് പട്ടേലിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചു. 12 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് റാഷിദ് ഖാന്‍ പന്തില്‍ തെറിച്ചതോടെ സണ്‍റൈസേഴ്‌സ് പ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍ പിന്നീട് അവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റുന്ന കാഴ്ച്ചയാണ് ചിന്നസ്വാമിയില്‍ കണ്ടത്.

എ ബി ഡിവില്ലിയേഴ്‌സും മൊയീന്‍ അലിയും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ ഒരേ ഓവറില്‍ തന്നെ ഇരുവരെയും റാഷിദ് ഖാന്‍ പുറത്താക്കി. ഡിവില്ലിയേഴ്‌സ് 69 റണ്‍സും മൊയീന്‍ അലി 65 റണ്‍സുമാണ് അടിച്ചു കൂട്ടിയത്. മന്ദീപ് സിംഗ് നാലു റണ്‍സെടുത്ത് പുറത്തായെങ്കിലും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തി. ഗ്രാന്‍ഡ്‌ഹോം 17 പന്തില്‍ 40 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. സര്‍ഫറാസ് 8 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.