SHARE

പന്ത്രണ്ടാംഎഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് വരെ കളിച്ച 6 മത്സരങ്ങളിലും പരാജയപ്പെട്ട റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന് ദയനീയ തുടക്കമാണ് സീസണിൽ ലഭിച്ചിരിക്കുന്നത്. ബാറ്റിംഗിലും ബോളിംഗിലും ഫീൽഡിംഗിലുമെല്ലാം ടീം അമ്പേ പരാജയമായതാണ് ഇങ്ങനെയൊരു മോശം തുടക്കം അവർക്ക്‌ സമ്മാനിച്ചത്. കളിച്ച 6 മത്സരങ്ങളും തോറ്റെങ്കിലും ടീമിന് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബാംഗ്ലൂർ സൂപ്പർ താരം യുസ്വേന്ദ്ര ചഹൽ.

കഴിഞ്ഞ‌ദിവസം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ടീമിന് മുന്നിൽ ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടെന്ന് ചഹൽ അഭിപ്രായപ്പെട്ടത്. 2016 ലും സമാന അവസ്ഥയിൽ നിന്ന് ടീംഫൈനലിലെത്തിയെന്നും, അന്നും ദയനീയ തുടക്കമായിരുന്നു ടീമിന്റേതെന്നും ചഹൽ പറയുന്നു. ടീമിന്റെ മോശം പ്രകടനത്തിൽ ബാറ്റിംഗിനേയും ബോളിംഗിനേയും കുറ്റപ്പെടുത്താൻ താനില്ലെന്നും ഒരു ടീമെന്ന നിലയിൽ ക്ലിക്കാവാൻ കഴിയാത്തതാണ് ബാംഗ്ലൂരിന്റെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു താരംവിചാരിച്ചത് കൊണ്ട് മാത്രം ക്രിക്കറ്റിൽ മത്സരങ്ങൾ ജയിക്കാൻ കഴിയില്ലെന്ന് പറയുന്ന ചാഹൽ, ടീമിലെ 11 പേരും മനസ് വെച്ചാൽ മാത്രമേ ജയം നേടാൻ കഴിയൂവെന്നും അഭിപ്രായപ്പെട്ടു. ഡെത്ത് ബോളിംഗാണ് ടീമിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നായി ചഹൽ ചൂണ്ടിക്കാട്ടുന്നത്. 16 ഓവർ വരെ നന്നായി പന്തെറിയുന്ന‌ ഞങ്ങൾക്ക് ഇനി അവസാന ഓവർ വരെ അത് തുടരാൻ കഴിയേണ്ടതുണ്ടെന്നും ചഹൽ പറഞ്ഞു നിർത്തി‌.