SHARE

പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം രണ്ട് ടീമുകളായി തിരിഞ്ഞ് കളിച്ച ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന് പുറമേ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൊഹമ്മദ് അസറുദ്ദീനും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മത്സരത്തിൽ പക്ഷേ ഇവരിരുവരും കളിച്ച ഹർഷൽ പട്ടേൽ ഇലവൻ പരാജയപ്പെടുകയായിരുന്നു.

ഹർഷൽ പട്ടേൽ ഇലവനും, ദേവ്ദത്ത് പടിക്കൽ ഇലവനുമായിരുന്നു ഇൻട്രാസ്ക്വാഡ് പരിശീലന മത്സരത്തിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഹർഷൽ പട്ടേൽ ഇലവന് വേണ്ടി ഡിവില്ലിയേഴ്സ് 46 പന്തിൽ 104 റൺസെടുത്ത് ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു. 7 ബൗണ്ടറികളും, 10 സിക്സറുകളുമടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസറുദ്ദീനും തകർപ്പൻ ബാറ്റിംഗിലൂടെ പരിശീലന മത്സരം കളറാക്കി. 43 പന്തുകളിൽ 6 ബൗണ്ടറികളുടേയും, 3 സിക്സറുകളുടേയും സഹായത്തോടെ 66 റൺസായിരുന്നു താരം നേടിയത്. ഇരുവരുടേയും ബാറ്റിംഗ് മികവിൽ ഹർഷൽ പട്ടേൽ ഇലവൻ നിശ്ചിത 20 ഓവറിൽ സ്കോർ ചെയ്തത് 212/4 എന്ന കൂറ്റൻ സ്കോർ.

എന്നാൽ ദേവ്ദത്ത് പടിക്കലിന്റെ നേതൃത്വത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കൽ ഇലവൻ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മത്സരത്തിന്റെ അവസാന പന്തിൽ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 47 പന്തിൽ 11 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 95 റൺസ് നേടിയ കെ എസ് ഭരതായിരുന്നു പടിക്കൽ ഇലവന്റെ ടോപ് സ്കോറർ. 21 പന്തിൽ 36 റൺസെടുത്ത ദേവ്ദത്തും മികച്ച രീതിയിൽ അവർക്കായി ബാറ്റ് വീശി.