SHARE

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി തന്നെ അടുത്ത സീസൺ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ വക്താവ് ഇന്ന് ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കോഹ്ലിയെ ബാംഗ്ലൂരിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നും പകരം ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെ നായകനാക്കുമെന്നും വാർത്തകൾ ഉയർന്നിരുന്നു. ടീം വക്താവിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഇക്കാര്യത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. കോഹ്ലി ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്.

കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ച വെച്ചതിനെത്തുടർന്നാണ് കോഹ്ലി നായക‌സ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്ന വാർത്തകൾ ഉയർന്നത്. നേരത്തെ പരിശീലകൻ ഡാനിയൽ വെട്ടോറിയേയും ടീമിലെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്ന മറ്റ് അംഗങ്ങളേയും ബാംഗ്ലൂർ ഒഴിവാക്കിയിരുന്നതിനാൽ കോഹ്ലിയെ നായക‌സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന വാർത്തയും ഏറെ ഗൗരവത്തോടെയായിരുന്നു ആരാധകർ നോക്കിക്കണ്ടത്.

അതേ സമയം ഡാനിയൽ വെട്ടോറിക്ക് പകരം ഗാരികിർസ്റ്റണെ പുതിയ പരിശീലകനാക്കി പ്രഖ്യാപിച്ച ബാംഗ്ലൂർ, ബോളിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയേയും ടീമിലെത്തിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വർഷം നവംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച നെഹ്റ കഴിഞ്ഞ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ മെന്ററായി സേവനം അനുഷ്ഠിച്ചിരുന്നു.