SHARE

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തിയാണ് സർഫറാസ് ഖാൻ എന്ന ഇരുപതുകാരനെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ഇത്തവണത്തെ ഐപി എല്ലിൽ തങ്ങളുടെ ടീമിൽ നിലനിർത്തിയത്. യുസ്വേന്ദ്ര ചഹലിനെ പോലെ ടി20 യിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന താരങ്ങളെ മറികടന്നാണ് സർഫറാസിൽ വിശ്വാസമർപ്പിക്കാൻ ബംഗളൂരു ടീം തീരുമാനിച്ചത്. ടീം തന്നെ നിലനിർത്തിയതിലും വിരാട് കോഹ്ലിക്കും, ഡിവില്ലിയേഴ്സിനുമൊപ്പം വീണ്ടും കളിക്കാൻ അവസരം കിട്ടിയതിന്റെയും ത്രില്ലിലാണ് ഈ മുംബൈക്കാരൻ ഇപ്പോൾ.

2015 ലാണ് സർഫറാസ്  ആദ്യമായി റോയൽ ചലഞ്ചേഴ്സിലെത്തുന്നത്. ആ വർഷം 156 പ്രഹരശേഷിയിൽ 111 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത വർഷം പരിക്കിനെത്തുടർന്ന് അഞ്ച് മത്സരങ്ങൾ മാത്രമാണ് സർഫാറാസിന് കളിക്കാനായത്. എന്നിട്ട് പോലും തന്നെ നിലനിർത്താൻ തീരുമാനിച്ച ടീം മാനേജ്മെന്റിനോട് നന്ദി പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സർഫറാസ്.

റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനോടും, അവിടുത്തെ ടീം മാനേജ്മെന്റിനോടും പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ടെന്നും മികച്ച പ്രകടനത്തോടെ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രതിഫലം നൽകാനാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞ സർഫറാസ് തനിക്ക് പരിക്കേറ്റ സമയത്ത് ബംഗളൂരു ടീം സഹായിച്ച കാര്യവും ഓർത്തെടുത്തു. കാൽ മുട്ടിന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്ന അഞ്ച് ലക്ഷം രൂപ നൽകിയത് ആർ.സി.ബി മാനേജ്മെന്റായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരുന്ന സമയത്ത് ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ ഉപദേശങ്ങൾ പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ തന്നെ സഹായിച്ചു. സർഫറാസ് പറഞ്ഞു നിർത്തി.

സർഫറാസിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേയും ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയുമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂർ ഈ വർഷത്തെ ഐപി എല്ലിൽ തങ്ങളുടെ ടീമിൽ നിലനിർത്തിയിരിക്കുന്നത്. ജനുവരി 27, 28 തീയതികളിൽ നടക്കുന്ന കളികാരുടെ താരലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് ഓപ്ഷൻ വഴി 2 താരങ്ങളെ കൂടി ടീമിൽ തിരിച്ചെത്തിക്കാനുള്ള അവസരവും അവർക്കുണ്ട്. അത് കൊണ്ടു തന്നെ ആദ്യ ഐ പി എൽ കിരീടം മോഹിച്ചെത്തുന്ന ബാംഗ്ലൂരിന് അടുത്ത സീസണിലും കരുത്തുറ്റ ടീമിനെ തങ്ങൾക്കൊപ്പം അണിനിരത്താൻ കഴിയും.