SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന് പരിതാപകരമായ ‌തുടക്കമാണ് സീസണിൽ ലഭിച്ചിരിക്കുന്നത്. ആദ്യ 6 മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പോലും നേടാനായിട്ടില്ലാത്ത ബാംഗ്ലൂരിന് ഇനി ഈ‌ സീസണിൽ പ്ലേ ഓഫിലെത്താൻ കഴിയുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ആരാധകർ ചർച്ചകൾ നടത്തുന്നത്.

ഒരു സീസണിന്റെ ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും 14 മത്സരങ്ങൾ വീതമാണ് കളിക്കുന്നത്. ടീമുകളെല്ലാം അവരുടെ എട്ടോ ഒൻപതോ മത്സരങ്ങൾ വീതം കളിച്ചതിന് ശേഷം മാത്രമാണ് സാധാരണ ഗതിയിൽ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് ചർച്ചകൾ തുടങ്ങുന്നത്. എന്നാൽ ബാംഗ്ലൂർ ഇത്തവണ ആദ്യ ആറ് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയതോടെ ഇക്കാര്യത്തിൽ നേരത്തെ തന്നെ ചർച്ച തുടങ്ങിയിരിക്കുന്നു.

ഇത് വരെ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇനി ശേഷിക്കുന്ന 8 മത്സരങ്ങളിലും ജയം കണ്ടാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിയും. 8 മത്സരങ്ങൾ വിജയിച്ചാൽ ബാംഗ്ലൂരിന്റെ സമ്പാദ്യം 16 പോയിന്റാകും. എന്നാൽ ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ മറ്റുള്ള ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാകും അവരുടെ പ്ലേ ഓഫ് സാധ്യത.‌ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇനിയും പൂർണമായി അവസാനിച്ചിട്ടില്ലെന്നും അവരെ തള്ളിക്കളയാറായിട്ടില്ലെന്നും സാരം.