SHARE

ഈ മാസം 20 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കളിക്കുക പ്രത്യേകം ഡിസൈൻ ചെയ്ത നീല‌ജേഴ്സിയണിഞ്ഞ്‌‌. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്ന മുന്നണിപ്പോരാളികൾക്ക്, അവരുടെ അമൂല്യ സേവനങ്ങൾക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായാണ് പി പി ഇ കിറ്റുകളുടെ നിറത്തോട് സാമ്യമുള്ള‌ നീല ജേഴ്സി ധരിച്ച് കൊൽക്കത്ത ക്കെതിരെ കളിക്കാൻ ബാംഗ്ലൂർ ഫ്രാഞ്ചൈസി തീരുമാനിച്ചിരിക്കുന്നത്. അല്പം മുൻപ് ബാംഗ്ലൂർ ഫ്രാഞ്ചൈസി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകം മുഴുവൻ വലിയ കൈയ്യടികളോടെയാണ് ബാംഗ്ലൂരിന്റെ ഈ തീരുമാനം ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം കോവിഡ് ഫ്രണ്ട്ലൈൻ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ധരിക്കുന്ന നീല‌ജേഴ്സിയിൽ പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണ സന്ദേശങ്ങളും ആലേഖനം ചെയ്യുമെന്നാണ് സൂചനകൾ. നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ പതിനാലാം സീസൺ ഐപിഎൽ നിർത്തിവെക്കുന്നതിന് മുൻപും ഇത്തരത്തിൽ നീല ജേഴ്സി ധരിച്ച് ഒരു മത്സരം കളിക്കാനുള്ള തീരുമാനം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൈക്കൊണ്ടതായിരുന്നു. എന്നാൽ അന്ന് ഫ്രാഞ്ചൈസികൾക്കുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതോടെ ഐപിഎൽ നീട്ടിവെച്ചതിനാൽ ഇത് സാധ്യമാകാതെ പോവുകയായിരുന്നു.