SHARE

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 173-4 റണ്‍സാണ് നേടിയത്. ഗെയ്ല്‍ 99 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

വെടിക്കെട്ട് തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാര്‍ നല്‍കിയത്. ഗെയ്ല്‍ ആഞ്ഞടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ 7ാം ഓവറിൽ 18 റണ്‍സെടുത്ത രാഹുലിനെ ചഹല്‍ പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ 66 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്.

64 പന്തു നേരിട്ട് 10 ഫോറുകളും 4 സിക്‌സുകളും സഹിതമാണ് ഗെയ്ല്‍ 99 റണ്‍സ് നേടിയത്. ഗെയ്ല്‍ തകര്‍ത്തടിച്ചെങ്കിലും പിന്തുണ നല്‍കാന്‍ ആളില്ലാതിരുന്നതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് പഞ്ചാബിനെ തടഞ്ഞത്. മന്ദീപ് സിംഗ് (18), മായങ്ക് അഗര്‍വാള്‍ (15), സര്‍ഫറാസ് ഖാന്‍ (15) എന്നിവരാണ് പഞ്ചാബിന്റെ മറ്റു സ്‌കോറര്‍മാര്‍.