റയൽ മഡ്രിഡ് എന്ന ചാമ്പ്യൻ ക്ലബിന് കഷ്ടകാലം മാറുന്നില്ല. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയ പ്രകടനം അടയാളപ്പെടുത്തി റയൽ വീണ്ടും തോറ്റു. സ്വന്തം തട്ടകമായി സാന്റിയാഗോ ബെർണബ്യുവിൽ റയലിനെ വീഴ്ത്തിയത് കുഞ്ഞന്മാരായ ലെവന്റെ.
ഇസ്കോ, ഗാരത് ബെയിൽ തുടങ്ങിയ സൂപ്പർ താരങ്ങൾ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ മത്സരത്തിലായിരുന്നു റയലിന്റെ തോൽവി. ലാ ലിഗയിൽ പതിനൊന്നാം സ്ഥാനത്തുള്ള ലവന്റെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ തകർത്തത്. മത്സരത്തിൽ ആറാം മിനറ്റിൽ ഹോസെ മൊറെയിൽസിലൂടെ ലെവന്റെ മുന്നിലെത്തി. റയൽ പ്രതിരോധനിരയിൽ റഫേൽ വരന് പാസ് മുൻകൂട്ടി കാണുന്നതിൽ സംഭവിച്ച പിഴവാണ് ഗോളിന് കാരണം.
അപ്രതീക്ഷിതമായി വഴങ്ങയി ഗോളിന്റെ ഞെട്ടലിൽ നിന്ന് ഉണർന്നപ്പോഴേക്കും പതിമൂന്നാം മിനിറ്റിൽ റയലിന് രണ്ടാമത്തെ അടി കിട്ടി. ഇക്കുറി ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റിയുടെ രൂപത്തിൽ. ഇതിനും കാരണക്കാരൻ വരാൻ തന്നെ. കിക്കെടുത്ത റോജർ മാർട്ടിക്ക് തെറ്റിയില്ല. ലെവന്റെയ്ക്ക് രണ്ട് ഗോൾ ലീഡ്. രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ മാഴ്സലോ റയലിനായി ഒരു ഗോൾ മടക്കി. തുടർച്ചയായി നാല് മത്സരങ്ങൾക്ക് ശേഷമാണ് റയൽ ഗോൾ നേടുന്നത്.
മത്സരത്തിനിടെ നാണക്കേടിന്റെ മറ്റൊരു ചരിത്രവും റയൽ കുറിച്ചു. 116 വർഷത്തെ ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ഗോൾ വരൾച്ചയാണ് ഇപ്പോൾ റയലിനെ പിടികൂടിയത്. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടാതെ 55-ാം മിനിറ്റ് പിന്നിട്ടതോടെയാണ് ഈ നാണംകെട്ട റിക്കാർഡ് .