SHARE

സെർജിയോ റാമോസ് എന്ന നായകൻ തിരിച്ചെത്തി ആവേശം പകർന്നപ്പോൾ എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിന്റെ ചിരി. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡ് ബാഴ്സയെ കെട്ടുകെട്ടിച്ചു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

ബാഴ്സയുെടെ മൈതാനമായ ന്യൂകാമ്പിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ആതിഥേയരുടെ ഹൃദയം തകർന്നു. കരീം ബെൻസിമയുടെ പാസിൽ നിന്ന് യുറു​ഗ്വെ താരമാണ് ഫെഡറിക്കോ വാൾവെർദെ റയലിന് ലീഡ് സമ്മാനിച്ചു. ​ഗോൾ വഴങ്ങിയ നിരാശ ബാഴ്സ ആറ് മിനിറ്റിനകം തീർത്തു. യുവതാരം അൻസു ഫാറ്റിയുടെ ​ഗോളിൽ ബാഴ്സ റയലിനൊപ്പം. ജോർഡി ആൽബയാണ് ​ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് ഇരുവരും ലീഡുയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ആദ്യ പകുതി ​ഒരോ ​ഗോൾ സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ ബാഴ്സ അൽപ്പം മുൻതൂക്കം നേടി. ഇതോടെ ചില മുന്നേറ്റങ്ങളുമുണ്ടായി. എന്നാൽ ഇതിനിടെയാണ് 63-ാം മിനിറ്റിൽ റയൽ ലീഡെടുത്തത്. പെനാൽറ്റി ബോക്സിൽ റോമിസിനെ ബാഴ്സ താരം ക്ലെമെന്റെ ലെങ്ലെറ്റി വീഴ്ത്തിയതിന് റെഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത റയൽ നായകന് പിഴച്ചില്ല. സന്ദർശകർക്ക് ലീഡ്.

ഈ ലീഡിന്റെ ആത്മവിശ്വാസത്തിൽ കുതിച്ച റയൽ അവസാന മിനിറ്റിൽ ബാഴ്സയുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യൻ മാന്ത്രികൻ ലൂക്കാ മോഡ്രിച്ചാണ് ബാഴ്സയുടെ നെഞ്ച് പിളർന്ന ആ ​ഗോൾ നേടിയത്. ബ്രസീലിയൻ യുവതാരം റോഡ്രി​ഗോയാണ് ​ഗോളിന് വഴിയൊരുക്കിയത്.

വിജയത്തോടെ റയൽ‍ മഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഈ ജയത്തോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിയുടെ ക്ഷീണം റയൽ മാറ്റി. ബാഴ്സയാകട്ടെ തുടർച്ചയായ രണ്ടാം ലാ ലി​ഗ എൽ ക്ലാസിക്കോയിലാണ് തോൽക്കുന്നത്. ഇക്കുറിയാകട്ടെ സ്വന്തം മൈതാനത്തും.