SHARE

ഗോകുലം കേരളയ്ക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഐലീഗ് മത്സരത്തിനായി കോഴിക്കോടെത്തിയ റയൽ കാശ്മീർ എഫ് സി ടീമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ ഗോകുലം കേരള അപമാനിച്ചെന്ന് ആരോപണം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ റയൽ കാശ്മീർ ടീം തന്നെയാണ് ഗോകുലത്തിനെതിരെ ആഞ്ഞടിച്ചത്. സംഭവം വലിയ വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഗോകുലം മാനേജ്മെന്റ് എത്രയും വേഗം രംഗത്തെത്തുമെന്നാണ് സൂചന.

ഐലീഗ് മത്സരത്തിനായി കോഴിക്കോട്ടെത്തിയ റയൽ കാശ്മീർ ടീമിന് ആവശ്യമായ പരിശീലന സൗകര്യങ്ങളും, യാത്രാ സൗകര്യങ്ങളും ഗോകുലം തയ്യാറാക്കിക്കൊടുത്തില്ല എന്നാണ് റയൽ കാശ്മീർ ടീം പറയുന്നത്. അതിഥികളെ സ്വീകരിക്കാൻ അവർക്ക് അറിയില്ലെന്നും, എന്നിട്ടാണ് അവർ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇവിടെ വിശേഷിപ്പിക്കുന്നത് എന്നും റയൽ കാശ്മീർ വിമർശിക്കുന്നു.

തങ്ങളുടെ പരിശീലകനോടും പരിശീല ‌സ്റ്റാഫിലെ മറ്റ് അംഗങ്ങളോടും ട്രെയിനിംഗ് ഗ്രൗണ്ട് വിട്ട് പോകാൻ ഗോകുലം കേരള ഒഫീഷ്യൽസ് ആവശ്യപ്പെട്ടെന്നും റയൽ കാശ്മീർ എഫ് സി പറയുന്നു. വീഡിയോ സഹിതമാണ് ട്വിറ്ററിൽ അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരിശീലന ഗ്രൗണ്ടിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വീഡിയോയും അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്ത് കൊണ്ടാണ് നിങ്ങൾ ഞങ്ങൾക്കൊരു പരിശീലന ഗ്രൗണ്ട് തരാതിരുന്നതെന്നും ഈ വൃത്തികെട്ട സ്ഥാലത്താണോ ഞങ്ങൾ പരിശീലിക്കേണ്ടതെന്നും അവർ ചോദിക്കുന്നു.