SHARE

യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ അന്നാട്ടിലെ ഫുട്ബോൾ മത്സരങ്ങൾ കാണുന്നത് കൗതുകമാണ്. മഞ്ഞുമൂടി കിടക്കുകയായിരിക്കും സ്റ്റേഡിയം. ഇത് വകഞ്ഞുമാറ്റി സ്റ്റേഡിയം തെളിച്ചാലും. മത്സരം തുടങ്ങി അധികം വൈകുംമുമ്പ് വീണ്ടും മഞ്ഞുമൂടും.

യൂറോപ്പിലെ ഈ കാഴ്ച ടി.വിയിൽ കണ്ട് കൗതുകം കൂറുന്ന ഇന്ത്യൻ ആരാധകർക്ക്, ഈ കാഴ്ച നേരിൽ കാണാൻ ഇക്കുറി അവസരമുണ്ട്. ജമ്മുകശ്മീർ വരെ പോകണമെന്ന് മാത്രം. ഐ-ലീ​ഗിലെ ആദ്യത്തെ ജമ്മുകശ്മീർ ടീമായ റയൽ കശ്മീരിന്റെ ഹോം​ഗ്രൗണ്ടാണ് ഇപ്പോൾ യൂറോപ്യൻ ലീ​ഗുകളെ അനുസ്മരിപ്പിക്കുന്നത്. ശൈത്യകാലം വരുന്നതേയുള്ളുവെങ്കിലും ജമ്മുവിൽ കനത്ത മ‍ഞ്ഞുവീഴ്ചയാണ്. അപ്രതീക്ഷിത മഞ്‍ുവീഴ്ചയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

ശ്രീന​ഗറിലെ ടി.ആർ.സി. ടർഫ് സ്റ്റേഡിയത്തിലാണ് കശ്മീർ ഹോം മത്സരങ്ങൾ കളിക്കുന്നത്. ഈ സ്റ്റേഡിയം ഇപ്പോൾ തന്നെ മഞ്ഞിൽ കുളിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇവിടെ നടക്കുന്ന ഐ-ലീ​ഗ് മത്സരത്തിനെത്തിയ ചർച്ചിൽ ബ്രദേഴ്സ് ടീമാണ് മഞ്ഞുമൂടിയ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ പ്രചരിച്ചു. ഐ-ലീ​ഗിന്റെ പേജിലടക്കം ചിത്രങ്ങൾ വന്നു.