SHARE
റയൽ കശ്മീർ(ഫയൽ ചിത്രം)

അരങ്ങേറ്റ സീസണിൽ തന്നെ ഐ-ലീ​ഗ് കിരീടം ചൂടാമെന്നുള്ള റയൽ കശ്മീരിന്റെ മോഹങ്ങൾ അവസാനിച്ചു. നിർണായക മത്സരത്തിൽ ഈസ്റ്റ് ബം​ഗാളിനോട് സ്വന്തം ​ഗ്രൗണ്ടിൽ തോറ്റതോടെയാണിത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബം​ഗാളിന്റെ ജയം

ലീ​ഗിൽ പോയിന്റ് പട്ടികയിൽ ചെന്നൈ സിറ്റിയാണ് മുന്നിൽ. തുല്യപോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു കശ്മീരും ഈസ്റ്റ് ബം​ഗാളും. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലെ ഇരുവർക്കും കിരീടപ്രതീക്ഷയുണ്ടായിരുന്നുള്ളു. അതോടൊപ്പം ചെന്നൈ തോൽക്കുകയും വേണം. ഈ സാഹചര്യത്തിൽ ജയിച്ചാൽ മാത്രമെ നിലനിൽപ്പുള്ളു എന്ന ആവേശം വിതറിയ മത്സരത്തിൽ അനുഭവസമ്പത്തിന്റെ ആനുകൂല്യത്തിൽ ഈസ്റ്റ് ബം​ഗാൾ നിർണായക എവേ ജയം നേടുകയായിരുന്നു

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ മെക്സിക്കൻ താരം എന്റിക്വെ എസ്ക്വേഡയുടെ ​ഗോളിലാണ് ഈസ്റ്റ് ബം​ഗാൾ ലീഡെടുത്തത്. 43-ാം മിനിറ്റിൽ ജെയ്മി സാന്റോസും ഈസ്റ്റ് ബം​ഗാളിനായി വലകുലുക്കി. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ​ഗോളാക്കി ആരോൺ കറ്റെബെ കശ്മീരിന് പ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം നാളെ ചർച്ചിൽ ബ്രേദേഴ്സിനെതിരായ മത്സരം ജയിച്ചാൽ ചെന്നൈക്ക് കിരീടം ചൂടാം