SHARE

ഇറ്റാലിയൻ സൂപ്പർക്ലബ് ഇന്റർ മിലാന്റെ അർജന്റൈൻ താരം ലോത്താരോ മാർട്ടിനെസിനായി നോട്ടമിട്ട് റയൽ മഡ്രിഡും. ഇന്ററിനായി മിന്നുന്ന ഫോമിൽ കളിക്കുന്ന മാർട്ടിനെസിനെ അടുത്ത സീസണിൽ ഒപ്പം കൂട്ടാൻ ബാഴ്സലോണ കരുക്കൾ നീക്കുന്നതിനിടെയാണ് റയലും താൽപര്യം പ്രകടിപ്പിച്ചെത്തിയത്.

ഈ സീസണിൽ ഇന്റർ മിലാന്റെ കുതിപ്പിന് പിന്നിൽ ശ്രദ്ധേയ പങ്കു വഹിക്കുന്ന താരമാണ് മാർട്ടിനെസ്. ഇതോടെ യുറു​ഗ്വെ സ്ട്രൈക്കർ ലൂയിസ് സുവാരസിന് പിൻ​ഗാമിയായി ബാഴ്സ മാർട്ടിനെസിനെ നോട്ടമിട്ടുതുടങ്ങി. താരത്തിലുള്ള താൽപര്യം ബാഴ്സ അധികൃതർ പരസ്യമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുവാരസ് പരുക്കേറ്റ സാഹചര്യം കൂടിയായപ്പോൾ എന്ത് വിലകൊടുത്തും മാർട്ടിനെസിനെ അടുത്ത സീസണിൽ ഒപ്പമെത്തിക്കാനുള്ള കരുക്കൾ നീക്കുകയാണ് ബാഴ്സ.

ഇതേ സാഹചര്യത്തിലാണ് റയലിന്റെ വരവും. കരീം ബെൻസിമയുടെ പിൻ​ഗാമിയായാണ് റയൽ മാർട്ടിനെസിനെ പരി​ഗണിക്കുന്നത്. ടീമിലുള്ള സെർബിയൻ താരം ലൂക്കാ ജോവിച്ച് ഇതുവരെ ഫോം കണ്ടെത്താത്തതും മാർട്ടിനെസിനെ കൊണ്ടുവരാൻ റയലിനെ പ്രേരിപ്പിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ക്ലബുകൾ ഒരേ താരത്തിനായി രം​ഗത്തെത്തിയതോടെ ട്രാൻസ്ഫർ ജാലകത്തിൽ കടുത്ത മത്സരം പ്രതീക്ഷിക്കാം. നിലവിൽ 115 ദശലക്ഷം യൂറോയാണ് ഇന്റർ മാർട്ടിനെസിനായി വിലപറഞ്ഞിരിക്കുന്നത്. അതേസമയം താരത്തെ വിൽക്കാൻ ഇന്റർ തയ്യാറായേക്കില്ല എന്ന സൂചനയുമുണ്ട്.