SHARE

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ നടന്ന പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർ ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും തോൽവി ഏറ്റുവാങ്ങി. റയൽ മഡ്രിഡ് കാഡിസിനോടും ബാഴ്സ ​ഗെറ്റാഫെയോടുമാണ് തോൽവി നേരിട്ടത്. അതേസമയം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചു.

ലാ ലി​ഗയിലേക്ക് ഇക്കുറി മാത്രം സ്ഥാനക്കയറ്റം കിട്ടിയെത്തിയ കാഡിസിനോട് സ്വന്തം തട്ടകത്തിലാണ് റയൽ തോറ്റത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു കാഡിസിന്റെ ജയം. 16-ാം മിനിറ്റിൽ ആന്റണി ലൊസാനോയാണ് കാഡിസിന്റെ വിജയ​ഗോൾ നേടിയത്. എവേ ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബാഴ്സയും തോറ്റത്. 56-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ജെയ്മി മാട്ടയാണ് ​ഗെറ്റാഫെയെ വിജയിപ്പിച്ചത്.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ എവേ ​ഗ്രൗണ്ടിൽ പോയി ന്യൂകാസിൽ യുണൈറ്റഡിനെയാണ് മഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താന്മാരുടെ ജയം. ഹാരി മ​ഗ്വയർ, ബ്രൂണോ ഫെർണാണ്ടസ്, ആരോൺ വാൻ ബിസാക്ക, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിനായി ​ഗോൾ നേടിയത്. യുണൈറ്റഡ് താരം ലുക്ക് ഷായുടെ സെൽഫ് ​ഗോളിലാണ് ന്യൂകാസിൽ അക്കൗണ്ട് തുറന്നത്.

സെരി എയിൽ നടന്ന മത്സരത്തിൽ യുവന്റസിനെ ക്രോട്ടോൺ സമനിലയിൽ തളച്ചു. ഇരുവരും ഓരോ ​ഗോൾ വീതം നേടി. അൽവാരോ മൊറാത്ത യുവന്റസിനായി വലകുലുക്കിയപ്പോൾ ക്രോട്ടോണിന്റെ ​ഗോൾ സിമോൺ നാൻക്വോയുടെ വകയായിരുന്നു.